മുട്ടം: നിർമ്മാണം പൂർത്തീകരിച്ച ശൗചാലയത്തിന് വേണ്ടി മുട്ടം പഞ്ചായത്ത് നടത്താനിരുന്ന ടെൻഡർ കളക്ടർ റദ്ദാക്കി. കോൺഗ്രസ് മുട്ടം മണ്ഡലം കമ്മിറ്റിയുടെ പരാതിയെ തുടർന്നാണ് നടപടി. കഴിഞ്ഞ 27ന് ഉച്ചകഴിഞ്ഞ് മൂന്നിനാണ് ടെണ്ടർ നടക്കേണ്ടിയിരുന്നത്. എന്നാൽ അന്നേ ദിവസം രാവിലെ കളക്ടർ ഇടപെട്ട് ടെണ്ടർ റദ്ദാക്കുകയായിരുന്നു. മാസങ്ങൾക്ക് മുന്നെ നിർമ്മാണം പൂർത്തീകരിച്ച ശൗചാലയത്തിന് വേണ്ടിയാണ് ടെണ്ടർ. ആദ്യ ടെണ്ടറിൽ പണം തികയാതെ വന്നതോടെ സ്വകാര്യ വ്യക്തി സംഭാവനയായി നൽകിയ പണം ഉപയോഗിച്ച് ശൗചാലയ നിർമ്മാണം പൂർത്തിയാക്കിയിരുന്നു. 73,​205 രൂപയാണ് ടെൻഡറിന് നിശ്ചയിച്ചിരുന്ന തുക. ക്രമവിരുദ്ധ നടപടിക്കെതിരെ മുഖ്യമന്ത്രിക്കും വിജിലൻസിലും കോൺഗ്രസ് പരാതി നൽകിയിട്ടുണ്ട്. എന്നാൽ ഐ.എസ്.ഒ സർട്ടിഫിക്കറ്റ് ലഭ്യമാകാൻ ശൗചാലയ സൗകര്യം അടിയന്തരമായി സജ്ജമാക്കണമായിരുന്നു. കൂടാതെ മഴക്കാലം ആരംഭിച്ചാൽ നിലവിലുള്ള ശൗചാലയത്തിൽ നിന്ന് വെള്ളം പൊങ്ങുന്ന അവസ്ഥയുമായിരുന്നു. ഈ സാഹചര്യത്തിലാണ് ടെണ്ടർ ഇല്ലാതെ ശൗചാലയം ഒരുക്കിയതെന്ന് മുട്ടം പഞ്ചായത്ത്‌ അധികൃതർ വ്യക്തമാക്കി.