ചെറുതോണി: വാത്തിക്കുടി പഞ്ചായത്തിലെ പ്രധാന വ്യാപാര കേന്ദ്രങ്ങളിലൊന്നായ തോപ്രാംകുടിയിലെ ബസ് സ്റ്റാൻഡ് ഇനിയും തുറന്ന് കൊടുക്കാത്തതിൽ പ്രതിഷേധം ശക്തമായി.കഴിഞ്ഞാഴ്ചയാണ് വാത്തിക്കുടി പഞ്ചായത്തിലെ മറ്റൊരു വ്യാപാര കേന്ദ്രമായ മുരിക്കാശ്ശേരിയിൽ ആധുനിക രീതിയിൽ പണികഴിപ്പിച്ച ബസ് സ്റ്റാൻഡ് ഉദ്ഘാടനം ചെയ്തത്. മുരിക്കാശ്ശേരിയിലേക്കാൾ കൂടുതൽ ബസുകൾ വന്ന് പോകുന്നതും തോപ്രാംകുടിയിൽ നിന്നാണ്. തൊടുപുഴ, എറണാകുളം, കട്ടപ്പന, ചെറുതോണി എന്നീ പ്രധാന ടൗണുകളിലേക്ക് ഏറ്റവും കൂടുതൽ ബസുകൾ സർവീസ് ആരംഭിക്കുന്നതും തോപ്രാംകുടിയിൽ നിന്നാണ്. ബസ് സ്റ്റാൻഡ് പണി പൂർത്തീകരിച്ചിട്ട് വർഷങ്ങൾ ആയെങ്കിലും ഉദ്ഘാടനം ചെയ്യാത്തതുമൂലം കാടുകയറിയും തുരുമ്പെടുത്തും സാമൂഹ്യ വിരുദ്ധരുടെ ശല്യം കൊണ്ടും കെട്ടിടങ്ങളും പല ഉപകരണങ്ങളും നശിച്ചു കൊണ്ടിരിക്കുകയാണ്. തോപ്രാംകുടിയിലെ കൃഷിക്കാർ ദാനമായി നൽകിയ സ്ഥലത്താണ് ലക്ഷക്കണക്കിന് രൂപ മുടക്കി പണികഴിപ്പിച്ച ഷോപ്പിംഗ് കോംപ്ലക്സും വെയിറ്റിംഗ് ഷെഡും ശുചി മുറിയും നശിക്കുന്നത്. കഴിഞ്ഞാഴ്ച മുരിക്കാശ്ശേരി ഷോപ്പിംഗ് കോംപ്ലക്സ് ഉദ്ഘാടനം ചെയ്ത ദിവസം തോപ്രാംകുടിയിലെ നാട്ടുക്കാർ ഈ ബസ് സ്റ്റാൻഡിന് മുമ്പിൽ റീത്ത് വച്ച് പ്രതിഷേധം രേഖപ്പെടുത്തിയിരുന്നു.ആയിരക്കണക്കിന് യാത്രക്കാർ വന്ന് പോകുന്ന തോപ്രാംകുടിയിൽ യാത്രക്കാർക്ക് ഇരിക്കാൻ ഇടമില്ല
വിശ്രമിക്കാനോ ബസ് കാത്ത് നിൽക്കാനോ പ്രാഥമികാവശ്യങ്ങൾ നിറവേറ്റാനോ യാതൊരു സൗകര്യവുമില്ല. വിവിധ ഭാഗങ്ങളിൽ നിന്ന് വന്ന് പോകുന്ന ബസുകൾ, ടൗണിൽ നിറുത്തി ആളുകളെ കയറ്റുന്നതും തിരിക്കുന്നതും മൂലം നിരവധി തവണ അപകടങ്ങൾ ഉണ്ടായിട്ടുണ്ട്.