തൊടുപുഴ: കൊവിഡ് മഹാമാരിയ്ക്ക് നടുവിലും നന്മയുടെയും സമൃദ്ധിയുടെയും അകൽ പാലിച്ച് ഒരുമയുടെയും പൊന്നിൻ തിരുവോണനാൾ ഇന്ന്. പൂവിളിയും പൂക്കളവുമൊരുക്കി നാടൊന്നാകെ ആഘോഷ ലഹരിയിലാണ്. ഉത്രാടദിവസമായ ഇന്നലെ നഗരപ്രദേശങ്ങളിലെല്ലാം വലിയ തിരക്കാണനുഭവപ്പെട്ടത്. തിരുവോണ വിഭവങ്ങൾക്കായി ജനങ്ങൾ ഒഴുകിയെത്തുകയായിരുന്നു. വസ്‌ത്രശാലകളിലും മറ്റു വ്യാപാര കേന്ദ്രങ്ങളി ജനം തിക്കിത്തിരക്കി. വൻകിട വാണിജ്യ സമുച്ചയങ്ങളിലും തെരുവോര കച്ചവടക്കാരുടെ മുന്നിലും ഒരേപോലെ ആൾക്കൂട്ടം ഒഴുകിയെത്തി. റോഡുകളിലെല്ലാം ഗതാഗതക്കുരുക്ക് അനുഭവപ്പെട്ടു. നിരത്തുകളൊന്നാകെ വാഹനങ്ങൾ കൈയടക്കിയപ്പോൾ കാൽനടയാത്രക്കാർ ഏറെ ബുദ്ധിമുട്ടി. ഗതാഗതം നിയന്ത്രിക്കാൻ പൊലീസ് വല്ലാതെ പണിപ്പെട്ടു. ഒട്ടുമിക്ക വ്യാപാര സ്ഥാപനങ്ങളും ഇന്നലെ ഏറെ വൈകിയാണ് അടച്ചത്. ഓണ നാളുകളിൽ മാന്ദ്യം മറികടന്ന് വിപണി മുന്നേറിയെങ്കിലും മുൻ വർഷങ്ങളിലേത് പോലെയുള്ള തള്ളിക്കയറ്റം ഉണ്ടായില്ലെന്നാണ് പൊതു വിലയിരുത്തൽ. കൂടുതൽ ഉപഭോക്താക്കളെ ആകർഷിക്കാനായി പരമാവധി വിലക്കിഴിവ് പ്രഖ്യാപിച്ചിരിക്കുകയാണ് വിപണിയിലെ മിക്ക സ്ഥാപനങ്ങളും. ആഘോഷങ്ങൾ അതിരുകടക്കാതിരിക്കാനും ക്രമസമാധാന പ്രശ്നങ്ങൾ ഉണ്ടാകാതിരിക്കാനും പൊലീസ് സുരക്ഷാ ക്രമീകരണങ്ങൾ ശക്തമാക്കിയിട്ടുണ്ട്. എക്സൈസും മോട്ടോർ വാഹന വകുപ്പും ഇന്ന് പ്രത്യേക പരിശോധനകൾ നടത്തും.

സാധനങ്ങൾ വീട്ടിലെത്തും

കൊവിഡ് കാലത്ത് വിപണിയിലെ തിരക്കിലേക്ക് ഇറങ്ങാൻ ഭയമുള്ളവർക്ക് ഗുണകരമായി ഹോം ഡെലിവറി സംവിധാനവുമുണ്ട്. പഴം, പച്ചക്കറി, പലചരക്ക് സാധനങ്ങൾ, പായസ കിറ്റ്, ഉപ്പേരി, ശർക്കര വരട്ടി തുടങ്ങി ഓണമൊരുങ്ങാൻ വേണ്ടതെല്ലാം നിശ്ചിത വിലയിൽ വീട്ടിലെത്തിച്ച് നൽകാൻ തയ്യാറായി നിരവധി സ്ഥാപനങ്ങളുണ്ട്. സാധനങ്ങൾ വാങ്ങി വീട്ടിൽ സദ്യയൊരുക്കാൻ കഴിയാത്തവർക്ക് ഓണ സദ്യ വിളമ്പാൻ റെഡിയായി ഹോട്ടലുകളും കാറ്ററിംഗ് യൂണിറ്റുകളുമുണ്ട്. 200 മുതൽ 300 രൂപ വരെയാണ് ഓണസദ്യയ്ക്ക് ഈടാക്കുന്ന ശരാശരി വില. വാഴയിലയും കുടിവെള്ളവും ഉൾപ്പെടെ ഈ വിലയിൽ വീട്ടിലെത്തും. ഇലയിട്ട് കൈകഴുകി വിളമ്പി കഴിച്ചാൽ മതിയാകും.

തൂശനില മുറിച്ചുവച്ചോ...
തൂശനില മുറിച്ചു വച്ച്.... തുമ്പ പൂ ചോറു വിളമ്പി... പാട്ടിൽ പറയുന്ന പോലെ ഇപ്പോൾ തൊടിയിലൊന്നും വാഴയില്ലാത്തതിനാൽ തൂശനില കിട്ടാനില്ല. അതിനാൽ വാഴയിലയും കമ്പോളത്തിൽ ലഭിക്കുന്ന സ്ഥിതിയെത്തി. തമിഴ്നാട്ടിൽ നിന്ന് മുൻ വർഷങ്ങളിൽ ഓണ വിപണിയിലേക്ക് വാഴയില വൻ തോതിൽ എത്തിയിരുന്നു. ഇത്തവണ നാട്ടിലെ വാഴയിൽ നിന്ന് മുറിച്ചെടുത്ത ഇലകളും വിപണിയിലുണ്ട്. വാഴയില ഒന്നിന് അഞ്ച് മുതൽ പത്ത് രൂപ വരെയാണ് വീട്ടിൽ നൽകുമ്പോൾ ഈടാക്കുന്നത്. പേപ്പർ വാഴയില എല്ലാ കടകളിലും ലഭിക്കുമെങ്കിലും യഥാർത്ഥ വാഴയിലയിൽ സദ്യ കഴിക്കുന്ന ആ സുഖം കിട്ടില്ലെന്ന് അനുഭവസ്ഥർ പറയുന്നു.

ഓണത്തിനിടയ്ക്ക് വിലകൂട്ടി കച്ചവടം

മുൻ വർഷങ്ങളെ അപേക്ഷിച്ച് ഇത്തവണത്തെ ഓണത്തിന്​ പച്ചക്കറികൾക്കും അവശ്യസാധനങ്ങൾക്കുമൊന്നും വലിയ വിലക്കയറ്റമുണ്ടായിരുന്നില്ല. എന്നാൽ ഓണം അടുത്തതോടെ പല പച്ചക്കറി ഇനങ്ങളുടെയും വില കുതിച്ചുയർന്നു. ജനങ്ങൾ കാര്യമായി പുറത്തിറങ്ങാത്തതിനാൽ മാസങ്ങളായി പച്ചക്കറി വിപണി അല്പം മന്ദതയിലായിരുന്നു. ഓണസദ്യയ്ക്കുള്ള വിഭവങ്ങൾ വാങ്ങാൻ ജനങ്ങളിറങ്ങിയതോടെയാണ് വില ഉയർന്ന് തുടങ്ങിയത്. ഒട്ടുമിക്ക പച്ചക്കറി കടകളിലും രണ്ട് ദിവസമായി വലിയ തിരക്കാണ്. ഓണക്കച്ചവടം മുന്നിൽ കണ്ട് തമിഴ്നാട്ടിൽ വില ഉയർത്തിയെന്നാണ് കച്ചവടക്കാർ പറയുന്നത്. എന്നാൽ കച്ചവടക്കാർ കൊള്ളലാഭം കൊയ്യുന്നതായും സൂചനയുണ്ട്.