മൂന്നാർ: മുഖ്യമന്ത്രി പെട്ടിമുടി സന്ദർശിച്ചപ്പോൾ ദേവികുളം എസ്.ഐ തന്റെ വാഹനം കടത്തിവിട്ടില്ലെന്ന് ദേവികുളംഎം.എൽ. എ. എസ്. രാജേന്ദ്രൻ. എം.എൽ.എയുടെ ബോർഡ് സ്ഥാപിച്ചതിന് ഡ്രൈവർക്കെതിരെ കേസെടുക്കുമെന്ന് ഭീക്ഷണി മുഴക്കിയതായും ജില്ലാ പൊലീസ് മേധാവിക്ക് നൽകിയ പരാതിയിൽ പറയുന്നു. പെട്ടിമുടി ദുരന്തമുഖത്ത് ആദ്യം രക്ഷാപ്രവർത്തനങ്ങളിൽ പങ്കെടുക്കാൻ ഓടിയെത്തിയതിൽ താനും ഉണ്ടായിരുന്നു. തന്റെ പാർട്ടി പ്രവർത്തകനായ വിജിയുടെ വാഹനത്തിലാണ് ദുരന്തമുഖത്ത് എത്തിയത്. അപകടത്തിൽപ്പെട്ട രണ്ടുപേരുടെ മൃതദേഹങ്ങൾ ഈ വാഹനത്തിലാണ് കൊണ്ടുവന്നതും. എന്നാൽ മുഖ്യമന്ത്രി ദുരന്തമുഖത്ത് എത്തിയപ്പോൾ തന്റെ വാഹനം രാജമലയിൽ ദേവികുളം എസ്. ഐ തടഞ്ഞു. മുഖ്യമന്ത്രിയുടെ സന്ദർശനവേളയിൽ വിവാദങ്ങൾക്ക് ഇടയാക്കുമെന്ന് കരുതിയാണ് പ്രതികരിക്കാതിരുന്നത്. കഴിഞ്ഞ ദിവസം താൻ സഞ്ചരിച്ച വാഹനം മാട്ടുപ്പെട്ടിയിലെത്തിയപ്പോൾ എം.എൽ.എയുടെ സ്റ്റിക്കർ പതിച്ചാൽ കേസെടുക്കുമെന്ന് ഭീക്ഷണി മുഴക്കി. രണ്ടാം തവണയാണ് എസ്.ഐയുമായി ബന്ധപ്പെട്ട് ജില്ലാ പൊലീസ് മേധാവിക്ക് പരാതി നൽകുന്നത്. എന്നാൽ മുഖ്യമന്ത്രി ദുരന്തമുഖത്ത് എത്തുന്നതിന് മുന്നോടിയായി എസ്. രാജേന്ദ്രൻ എം. എൽ. എയും ഡീൻ കുര്യാക്കോസ് എം.പിയും പെട്ടിമുടിയിൽ എത്തിയിരുന്നതായി എസ്.ഐ പറഞ്ഞു. ഒമ്പത് മണിയോടെ എം.എൽ.എയുടെ സ്റ്റിക്കൽ പതിച്ച ഒരു വാഹനം രാജമലയിലെത്തി. തിരക്ക് ഒഴിവാക്കാൻ ഉന്നത അധികാരികളുടെ നിർദ്ദേശപ്രകാരം അല്പനേരം വാഹനം മാറ്റിയിടാൻ ആവശ്യപ്പെട്ടു. തുടർന്ന് വാഹനം കടത്തിവിടാൻ അനുവാദം നൽകിയതായി എസ്.ഐ പറഞ്ഞു.