തൊടുപുഴ: ബാങ്ക് വായ്പകളുടെ മൊറോട്ടോറിയം കാലാവധി ആറ് മാസം കൂടി നീട്ടി നൽകണമെന്നും മൊറോട്ടോറിയം കാലയളവിലെ പലിശ എഴുതി തള്ളണമെന്നും വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന ജനറൽ സെക്രട്ടറി രാജു അപ്‌സര കേന്ദ്ര സംസ്ഥാന സർക്കാരുകളോട് ആവശ്യപ്പെട്ടു. ബാങ്ക് വായ്പകൾക്ക് സർക്കാർ പ്രഖ്യാപിച്ച മൊറോട്ടോറിയം കാലാവധി ഇന്ന് അവസാനിക്കുകയാണ്. ലോക്ഡൗണിന് ശേഷവും വ്യാപാര വ്യവസായ മേഖലകളിലെ സാമ്പത്തികനില വളരെ ശോചനീയമാണ്. കേരളത്തിൽ ഇതുവരെ പതിനായിരത്തിൽപരം കടകളാണ് ലോക്ക് ഡൗണിന് ശേഷം അടച്ച് പൂട്ടിയത്. ധാരാളം സ്ഥാപനങ്ങൾ ഇപ്പോഴും അടച്ച് പൂട്ടൽ ഭീഷണിയിലാണ്. മുൻവർഷങ്ങളെ അപേക്ഷിച്ച് വ്യാപാരം 35 ശതമാനമായി കുറഞ്ഞിരിക്കുകയാണ്. പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും കേന്ദധനമന്ത്രി നിർമ്മലാ സീതാരാമനും ഇതു സംബന്ധിച്ച് നിവേദനം നൽകിയതായി രാജു അപ്‌സര അറിയിച്ചു.