തൊടുപുഴ: കേരള ക്ഷേത്ര സംരക്ഷണ സമിതിയുടെയും സമുദായിക സംഘടനകളുടെയും സ്വകാര്യ ദേവസ്വങ്ങളുടേയും ക്ഷേത്രങ്ങളിൽ കിഴി സമർപ്പണവും (പൂജാ സാധനങ്ങൾ ) ക്ഷേത്ര ജീവനക്കാർക്ക് ഓണക്കിറ്റ് വിതരണവും നടത്തി. ജില്ലാതല ഉദ്ഘാടനം കേരള ക്ഷേത്ര സംരക്ഷണ സമിതി ജില്ലാ പ്രസിഡൻറ് ടി.കെ.സുകുമാർ നിർവഹിച്ചു. കാഞ്ഞാർ അയ്യപ്പക്ഷേത്രത്തിൽ കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ചായിരുന്നു ചടങ്ങ്. ക്ഷേത്ര സംരക്ഷണ സമിതി അംഗങ്ങളായ ആർ. വാസുദേവൻ, മോഹൻകുമാർ, വിശ്വനാഥൻ,സന്തോഷ് കുമാർ, എന്നിവർ പങ്കെടുത്തു. അരി, നിത്യോപയോഗ സാധനങ്ങൾ, പായസ കൂട്ട് എന്നിവ ഉൾപ്പെടെ 20 ഇനം സാധനങ്ങളാണ് കിറ്റിൽ നൽകിയത്. ജില്ലയിൽ പീരുമേട് ,ഇടുക്കി ,ദേവികുളം, തൊടുപുഴ എന്നിവിടങ്ങളിലെ നൂറു ക്ഷേത്രങ്ങളിൽ ഭഗവാന് ഒരു കിഴി സമർപ്പണവും ഓണക്കിറ്റ് വിതരണവും ക്ഷേത്ര സംരക്ഷണ സമിതിയുടെ നേതൃത്വത്തിൽ നടന്നു.