വാത്തിക്കുടി: അന്ന് അവർ താമസിച്ചത് അടച്ചുറണ്ടില്ലാത്ത ഒരു കൂരയിലായിരുന്നു, ഇപ്പോൾ ഇതാ ഒരു സ്വപ്നഭവനം , ഇവിടെ അവർക്ക് ഓണം ആഘോഷിക്കാം. ഓൺലൈൻ പഠനത്തിനിടയിലെ ഇടവേളയിൽ ചേച്ചിമാരായ അഡോണയെയും അനീനയെയും കൂട്ടി കളിക്കാനും കഥകൾ കേൾക്കാനും കാത്തിരിക്കുന്ന ഇരട്ടസഹോദരങ്ങളായ ആൽബിനും അഭിമലേഖും. ലൈഫ് ഭവന പദ്ധതിയിലൂടെ ലഭിച്ച പുതിയ വീട്ടിലെ ആദ്യ ഓണത്തിന് അവർ കാത്തിരിക്കുകയാണ്.അമ്മ പ്രീതയ്ക്ക് ഇത് സ്വപ്നസാക്ഷാത്ക്കാരത്തിന്റെ ദിനങ്ങളാണ്.
വാത്തിക്കുടി പഞ്ചായത്തിലെ പതിനാറാംകണ്ടത്താണ് പ്രീതയും നാലുമക്കളും താമസിക്കുന്നത്. ആറു മാസം മുമ്പ് ഹൃദയാഘാതത്തെ തുടർന്നാണ് പ്രീതയുടെ ഭർത്താവ് ഷിജോ മരിക്കുന്നത്. അന്ന് ലൈഫ് ഭവന പദ്ധതിയിൽ വീടിന്റെ നിർമ്മാണം ആരംഭിച്ചെങ്കിലും പൂർത്തിയാക്കാൻ കഴിയുമോ എന്ന സംശയം പ്രീതക്കുണ്ടായിരുന്നു. അപ്രതീക്ഷിതമായി സംഭവിച്ച ഭർത്താവിന്റെ മരണം വീടിന്റെ നിർമ്മാണ പ്രവർത്തനങ്ങളെ സാരമായി ബാധിച്ചു.
എല്ലാ സഹായങ്ങളുമായി സുഹൃത്തുക്കളും ഉദ്യോഗസ്ഥരും പ്രീതയ്ക്ക് ഒപ്പം നിന്നപ്പോൾ വീടെന്ന സ്വപ്നം സഫലമായി. സ്വന്തമായി വീടെന്ന സ്വപ്നം യാഥാർത്ഥ്യമായപ്പോൾ ആ സന്തോഷത്തിൽ പങ്കുചേരാൻ ഷിജോയില്ലെന്നുള്ള ദു:ഖം പ്രീത പങ്കുവെക്കുന്നു.
എല്ലാമെല്ലാമായ മക്കൾക്ക് വേണ്ടി ചെറുതായെങ്കിലും ഓണം ഒരുക്കും. ജീവിതത്തിൽ ഇതുവരെയും ഇത്രയും നല്ലൊരു വീട്ടിൽ കഴിഞ്ഞിട്ടില്ലെന്ന അനുഭവം പങ്കുവെക്കുമ്പോൾ പ്രീതയുടെ കണ്ണുനിറയുന്നുണ്ടായിരുന്നു. വീടെന്ന തന്റെ സ്വപ്നം യാഥാർത്ഥ്യമാക്കിയ സർക്കാരിനും ഉദ്യോഗസ്ഥർക്കും സന്നദ്ധസംഘടനകളോടും നന്ദി പറയുമ്പോൾ സ്വപ്ന സാഫല്യത്തിന്റെ സന്തോഷം പ്രീതയുടെ വാക്കുകളിൽ പ്രതിഫലിക്കുന്നുണ്ടായിരുന്നു. തന്റെ വീട്ടിലേക്ക് സൗജന്യമായി വൈദ്യുതിയെത്തിക്കാൻ സഹായിച്ച വൈദ്യുതി വകുപ്പിനോടുള്ള നന്ദിയും പ്രീത പറയുന്നു.
അടച്ചുറപ്പില്ലാത്ത, വീടെന്ന് പോലും പറയാനാകത്ത അവസ്ഥയിലാണ് നേരത്തെ താമസിച്ചിരുന്നത്; സുരക്ഷിതത്വമുള്ള വീട്ടിൽ ഇപ്പോൾ താമസിക്കാൻ കഴിയുന്നതിന്റെ സന്തോഷം കുട്ടികളും പങ്കുവെച്ചു. 420 ചതുരശ്ര അടി വിസ്തീർണത്തിൽ രണ്ട് മുറികളും അടുക്കളയും ഊണുമുറിയും സ്വീകരണമുറിയും ശുചിമുറിയും അടങ്ങിയതാണ് പ്രീതയുടെയും മക്കളുടെയും പുതിയ ലൈഫ് ഭവനം.