കിണറ്റിലെ മാലിന്യം നീക്കാൻ ശ്രമിച്ച രണ്ട് പേർ പിടിയിൽ
തൊടുപുഴ: സ്വകാര്യ വ്യക്തിയുടെ പറമ്പിലെ പൊട്ടക്കിണറ്റിൽ നിന്ന് അനുമതിയില്ലാതെ മാലിന്യം നീക്കി പരിശോധിക്കുകയായിരുന്ന രണ്ട് പേരെ തൊടുപുഴ പൊലീസ് പിടികൂടി. കഴിഞ്ഞ ദിവസം കുമാരമംഗലത്തായിരുന്നു സംഭവം . കുമാരമംഗലം കോച്ചേരിൽ രതീഷിന്റെ പുരയിടത്തിലെ കിണറ്റിൽ നിന്ന് രണ്ട് പേർ മാലിന്യം വാരി പുറത്തിടുന്നെന്ന് അറിയിച്ചതിനെ തുടർന്നാണ് പൊലീസ് സ്ഥലത്തെത്തുന്നത്. എന്തിനാണ് മാലിന്യം വാരുന്നതെന്ന പൊലീസിന്റെ ചോദ്യത്തിന് ഇരുവരും പരസ്പരവിരുദ്ധമായാണ് മറുപടി പറഞ്ഞത്. ഒരാൾ വാഹനത്തിന്റെ പാർട്സ് മാലിന്യത്തിനൊപ്പം തള്ളിയത് തപ്പുകയാണെന്ന് പറഞ്ഞപ്പോൾ മറ്റൊരാൾ റേഡിയോ അന്വേഷിക്കുകയാണെന്നാണ് പറഞ്ഞത്. എന്നാൽ വിലപിടിപ്പിള്ള എന്തോ ഇവിടെ നിക്ഷേപിച്ചിട്ടുണ്ടെന്നും ഇത് തിരഞ്ഞതാണെന്നും അഭ്യൂത്തം പരന്നു.തുടർന്ന് പൊലീസ് ഉടമയുടെ നേതൃത്വത്തിൽ തന്നെ കിണർ വൃത്തിയാക്കിച്ചു. ഇതിൽ നിന്ന് പഴയ ഒരു റേഡിയോയും വണ്ടിയുടെ ചില പാർട്സുകളും കണ്ടെത്തി. തൊഴിലാളികളെ ജോലി ഏൽപ്പിച്ചയാളെക്കുറിച്ച് പൊലീസ് അന്വേഷിച്ച് വരികയാണ്.