മൂന്നാർ: രാജമല പെട്ടിമുടി യിലെ ഉരുൾപൊട്ടൽ ദുരന്തത്തിൽ കാണാതായ ഒരു സത്രീയുടെ മൃതദേഹം കൂടി കണ്ടെത്തി. കാണാതായവരുടെ ബന്ധുക്കളും തോട്ടം തൊഴിലാളികളും ചേർന്ന് നടത്തിയ തിരച്ചിലിലാണ് ഭൂതക്കുഴിക്ക് സമീപം പുഴയിൽ ഞായറാഴ്ച നാലുമണിക്ക് മൃതദേഹം കണ്ടെത്തിയത്. ഇതോടെ പെട്ടിമുടി ദുരന്തത്തിൽ മരിച്ചവരുടെ എണ്ണം 66 ആയി. ഇനി നാലു പേരെ കൂടി കണ്ടെത്താനുണ്ട്. മൃതദേഹം കണ്ടെത്തിയ വിവരം നാട്ടുകാർ അറിയിച്ചതിനെ തുടർന്ന് മൂന്നാറിൽ നിന്ന് അഗ്നി രക്ഷാ സേനയും പൊലീസും സ്ഥലത്തേക്ക് തിരിച്ചു. രാത്രിയോടെ മൃതദേഹം പുഴയിൽ നിന്ന് പെട്ടിമുടിയിൽ എത്തിക്കും. ഇതിന് ശേഷമേ മൃതദേഹം ആരുടേതാണെന്ന് തിരിച്ചറിയൂ. കാണാതായവർക്കു വേണ്ടിയുള്ള തിരച്ചിൽ കഴിഞ്ഞ ചൊവ്വാഴ്ച ജില്ലാ ഭരണകൂടം താത്കാലികമായി അവസാനിപ്പിച്ചിരുന്നു. ഇതിനു ശേഷം കാണാതായവരുടെ ബന്ധുക്കളും രാജമലയിലെ തൊഴിലാളികളുമടക്കം 20 അംഗ സംഘം പെട്ടിമുടി പുഴയിലെ ഭൂതക്കുഴി ഭാഗത്ത് തിരച്ചിൽ തുടർന്നു വന്നു. ഞായറാഴ്ച തിരച്ചിൽ നടത്തിയ സംഘം പുലിയുടെ മുമ്പിൽ പെട്ടെങ്കിലും രക്ഷപ്പെട്ടു. ഒരാഴ്ച മുമ്പും രണ്ടു തവണ രക്ഷാപ്രവർത്തകർ ഭൂതക്കുഴി മേഖലയിൽ പുലിയുടെ മുമ്പിൽ പെട്ടിരുന്നു. ആഗസ്റ്റ് ആറിന് രാത്രിയിലാണ് പെട്ടി മുടിയിൽ ഉരുൾപൊട്ടി നാലു ലയങ്ങളിലെ 30 വീടുകൾ തകർന്നത്. ദുരന്തത്തിൽ 12 പേർ രക്ഷപ്പെട്ടു.