മട്ടന്നൂർ: മട്ടന്നൂർ- മരുതായി- മണ്ണൂർ റോഡിന്റെ നവീകരണ പ്രവൃത്തി അനിശ്ചിതമായി നീളുന്നത് നാട്ടുകാരുടെ നട്ടെല്ലൊടിക്കുന്നു. കൊവിഡ് ലോക്ക് ഡൗണിന് മാസങ്ങൾക്ക് മുമ്പ് നിലച്ച പണി ഇനിയും തുടങ്ങിയിട്ടില്ല. റോഡ് നിർമ്മാണത്തിൽ അപാകത ആരോപിച്ചും റോഡ് പണി പൂർത്തിയാക്കണമെന്ന് ആവശ്യപ്പെട്ടും നിരവധി സമരങ്ങൾ നടന്നെങ്കിലും ഫലമുണ്ടായിട്ടില്ല. തകർന്ന റോഡിലൂടെ യാത്ര ദുഷ്‌കരമായിത്തീർന്നിരിക്കുകയാണ്.
രണ്ട് വർഷം മുൻപ് ഉദ്ഘാടനം കഴിഞ്ഞ് പ്രവൃത്തി ആരംഭിച്ചിരുന്നു. എന്നാൽ കഴിഞ്ഞ വർഷമാണ് മണ്ണൂർ മുതൽ മട്ടന്നൂർ വരെയുള്ള റോഡ് വീതി കൂട്ടി നവീകരിക്കാനുള്ള പ്രവൃത്തി തുടങ്ങിയത്. പണി ഇഴയുകയാണെന്ന് ആക്ഷേപമുയരുന്നതിനിടെ ഹരിപ്പന്നൂരിലും നായിക്കാലിയിലും നിർമ്മിച്ച റോഡിന്റെ ഭാഗം തകർന്നത് വൻ പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു. ഇതിനിടെ റോഡ് നിർമാണത്തിൽ അപാകതയും ക്രമക്കേടും ആരോപിച്ച് നാട്ടുകാർ പ്രവൃത്തി തടഞ്ഞിരുന്നു. മരുതായിയിൽ കലുങ്കിന്റെ നിർമ്മാണമാണ് തടഞ്ഞത്. വിമാനത്താവളത്തിലേക്ക് യാത്ര സുഗമമാക്കുന്നതിന്റെ ഭാഗമായി 25 കോടിയോളം രൂപ ചെലവിട്ടാണ് റോഡ് നവീകരിക്കുന്നത്.
25 കോടിയുടെ
നവീകരണ പ്രവൃത്തി
ജനകീയ കമ്മിറ്റിയുണ്ടാക്കിയിട്ടും
കാര്യമുണ്ടായില്ല
കലുങ്കിലൂടെ ഒഴുകുന്ന വെള്ളം തടഞ്ഞു നിർത്താതെയാണ് അടിഭാഗം കോൺക്രീറ്റ് ചെയ്തതെന്നും ആവശ്യത്തിന് സിമന്റും മണലും ചേർക്കുന്നില്ലെന്നും ആരോപിച്ചായിരുന്നു നാട്ടുകാർ റോഡ് പ്രവൃത്തി നേരത്തെ തടഞ്ഞത്. ഇതിന് ശേഷം പ്രവൃത്തി നിലച്ച നിലയിലാണ്. തുടർന്ന് ലോക്ക് ഡൗൺ ഇളവ് ലഭിച്ചിട്ടും പ്രവൃത്തി പുനരാരംഭിച്ചില്ല. റോഡ് നവീകരണം പൂർത്തിയാക്കുന്നതിന് നഗരസഭ മുൻകൈയെടുത്ത് പ്രദേശവാസികളും ജനപ്രതിനിധികളും ഉൾപ്പെട്ട കമ്മിറ്റിക്ക് രൂപം നൽകിയിരുന്നു. എന്നാൽ കാര്യമായ ഇടപെടൽ ഉണ്ടായില്ലെന്നാണ് പരാതി.