കാഞ്ഞങ്ങാട്: പ്രാർത്ഥനകളിൽ പങ്കെടുത്തും സുഗന്ധതൈലം പൂശിയും എല്ലാവരും വലിയ പെരുന്നാൾ ആഘോഷിച്ചപ്പോൾ സലാം കേരള എന്ന ചെറുപ്പക്കാരനും സംഘവും പി.പി.ഇ കിറ്റണിഞ്ഞ് നിൽക്കുകയായിരുന്നു. മീനാപ്പീസ് കടപ്പുറത്തെ വാടക വീട്ടിൽനിന്ന് ദുർഗന്ധം പരക്കുന്നുവെന്ന് അറിഞ്ഞതിനെ തുടർന്നാണ് സലാമിന്റെ നേതൃത്വത്തിലുള്ള സിവിൽ ഡിഫൻസ് സംഘാംഗങ്ങൾ ഇവിടെ എത്തിയത്.
അഴുകിപ്പോയ നിലയിൽ തമിഴ്നാട് സ്വദേശിയുടെ മൃതദേഹം പരിശോധനയിൽ കണ്ടെത്തിയപ്പോൾ നാട്ടുകാരടക്കം മൂക്കുപൊത്തി മാറിനിന്ന സമയത്താണ് സലാമും സംഘവും സ്ഥലത്തെത്തിയത്. മൃതദേഹം ഇറക്കി ആശുപത്രിയിലേക്ക് മാറ്റാൻ ഒരുക്കിയതും ഇവരായിരുന്നു. പ്രകൃതിക്ഷോഭത്തിലും വാഹനാപകടങ്ങളിലും അത്യാഹിതങ്ങളിലും പൊലീസിനും ഫയർഫോഴ്സിനും കൈത്താങ്ങാണ് സലാമിന്റെ സംഘം. കാരുണ്യത്തിന്റെയും സഹാനുഭൂതിയുടെയും ആത്മധൈര്യത്തിന്റെയും ബലത്തിൽ ഏതു പ്രതിബന്ധങ്ങളും തരണം ചെയ്യുന്നവർ.
പ്രളയത്തിൽ ഒറ്റപ്പെട്ടു പോയവരെ രക്ഷപ്പെടുത്തിയും ലോക്ക്ഡൗൺ കാലത്ത് ആവശ്യക്കാർക്ക് ഭക്ഷണവും മരുന്നും എത്തിച്ചും വിശ്രമമില്ലാത്ത സേവനത്തിലാണ് ഇവർ.