കൂത്തുപറമ്പ്: പാലാപറമ്പ് ഭാഗത്ത് കാട്ടുപന്നി ശല്യം രൂക്ഷം. രാത്രികാലങ്ങളിലെത്തുന്ന പന്നിക്കൂട്ടമാണ് കാർഷിക വിളകൾ വ്യാപകമായി നശിപ്പിക്കുന്നത്. പാലാപറമ്പ് ലക്ഷം വീട് കോളനിക്ക് സമീപത്തെ കെ.പി. രവിയുടെ വീട്ടിലെ മിക്ക കാർഷിക വിളകളും പന്നിക്കൂട്ടം നശിപ്പിച്ചു. വാഴ, ചേന, ചേമ്പ്, ഇഞ്ചി, മഞ്ഞൾ, നെല്ല് എന്നിവയെല്ലാമാണ് നശിപ്പിച്ചിട്ടുള്ളത്. കുലച്ച തെങ്ങ് ഉൾപ്പെടെ പന്നികൾ കേട് വരുത്തിയിട്ടുണ്ട്.
പാലാപ്പറമ്പ് ട്രഞ്ചിംഗ് ഗ്രൗണ്ട് ഭാഗത്തെ കാട്ടിൽ നിന്നാണ് കാട്ടുപന്നികൾ കൂട്ടത്തോടെ എത്തുന്നത്. വർഷങ്ങളായി കാട്ടുപന്നി ശല്യത്തിന്റെ പിടിയിലാണ് രവീന്ദ്രന്റെ കുടുംബം. കൂത്തുപറമ്പ് കൃഷിഭവന്റെ സഹായത്തോടെയാണ് കരനെൽ കൃഷി ഉൾപ്പെടെ ഇറക്കിയിരുന്നത്. എന്നാൽ നിരന്തരം കൃഷി നാശം വരുത്തുന്നതിനാൽ കൃഷി ചെയ്യാൻ സാധിക്കാത്ത അവസ്ഥയിലാണ് വീട്ടുകാർ.