കൂത്തുപറമ്പ്: ഒരു വിഭാഗം സ്വകാര്യ ബസുകൾ സർവീസ് നിർത്തിവച്ചത് ജനങ്ങൾക്ക് ദുരിതമായി. ചുരുക്കം ബസുകൾ മാത്രമാണ് മേഖലയിൽ ഇന്നലെ സർവീസ് നടത്തിയത്. കൊവിഡ് ഭീതിക്കിടയിൽ ജനങ്ങൾക്ക് കടുത്ത ദുരിതം വിതക്കുന്നതായി മാറി സർവീസ് നിർത്തിവെക്കൽ.
കൂത്തുപറമ്പിൽ നിന്നും കണ്ണൂർ - തലശ്ശേരി- ഇരിട്ടി ഭാഗങ്ങളിലേക്ക് മാത്രമാണ് ചുരുക്കം ബസുകൾ സർവീസ് നടത്തിയത്. വിദൂരസ്ഥലങ്ങളിലെത്തേണ്ട പലരും ലക്ഷ്യസ്ഥാനങ്ങളിലെത്താ നാവാതെ വലഞ്ഞു. ലോക് ഡൗണിൽ ഇളവുകൾ നൽകിയ സാഹചര്യത്തിൽ സ്വകാര്യ ബസുകൾ ഉൾപ്പെടെ സർവ്വീസ് നടത്തി വരികയായിരുന്നു. എന്നാൽ യാത്രക്കാരുടെ എണ്ണം കുറഞ്ഞത് സ്വകാര്യ ബസ് വ്യവസായത്തെ പ്രതിസന്ധിയിലാഴ്ത്തിയിരിക്കുകയാണ്.
ഇതിനിടയിൽ സർക്കാർ ചാർജ് വർദ്ധന അനുവദിച്ച് നൽകിയെങ്കിലും അപര്യാപ്തമാണെന്നാണ് ബസ് ഉടമകളുടെ വാദം. നികുതിയിളവും ഇവർ ആവശ്യപ്പെടുന്നു. ഇതാണ് അനിശ്ചിതകാലത്തേക്ക് സർവ്വീസ് നിർത്തിവെക്കാൻ ഉടമകളെ പ്രേരിപ്പിച്ചത്.