കാസർകോട്: ചെങ്കള പഞ്ചായത്ത് നാലാം വാർഡിലെ പിലാങ്കട്ടയിൽ ജൂലായ് 17 ന് നടന്ന വിവാഹത്തിൽ പങ്കെടുത്ത 10 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചതോടെ അതുമായി ബന്ധപ്പെട്ടു രോഗം ബാധിച്ചവരുടെ എണ്ണം 53 ആയി. ആദ്യപരിശോധനയിൽ 43 പേർക്കാണ് രോഗബാധ ഉണ്ടായത്. വ്യാഴാഴ്ച അഞ്ചു പേർക്കും ഇന്നലെ കല്ല്യാണത്തിൽ പങ്കെടുത്ത ഒരാൾക്കും അയാളുടെ കുടുംബത്തിലെ നാലു പേർക്കുമാണ് രോഗം സ്ഥിരീകരിച്ചത്. ഇതിനു പുറമെ വരന്റെ വീട്ടിൽ നിന്നും എത്തിയവരിൽ ചിലർക്കും രോഗലക്ഷണം കണ്ടെത്തിയിട്ടുണ്ട്.
കഴിഞ്ഞ രണ്ടുദിവസങ്ങളിലായി ആന്റിജൻ പരിശോധന നടത്തിയ 19 പേരുടെ ഫലം നെഗറ്റീവ് ആയിരുന്നു. കല്ല്യാണത്തിൽ പങ്കെടുത്തവരുടെ അഞ്ചു പേരുടെ പരിശോധനാ ഫലം വരാനുണ്ട്. കല്ല്യാണ വീട് കൊവിഡ് ക്ലസ്റ്ററായി പ്രഖ്യാപിച്ചിരുന്നു. ചെങ്കള, ബദിയടുക്ക പഞ്ചായത്തുകളിലെ നൂറിലധികം പേരാണ് വിവാഹത്തിൽ പങ്കെടുത്തത്. കൊവിഡ് മാനദണ്ഡം ലംഘിച്ചു വിവാഹം നടത്തിയതിന് ഗൃഹനാഥനെതിരെ ബദിയടുക്ക പൊലീസ് കേസെടുത്തിരുന്നു.
ഇവിടെ ഇനിയും രോഗബാധിതരുടെ എണ്ണം വർധിക്കാൻ സാധ്യതയുണ്ടെന്നാണ് ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥർ നൽകുന്ന സൂചന. രോഗ വ്യാപനം മുന്നിൽ കണ്ട് വിവാഹ വീട് ഉൾപ്പെടുന്ന നാലാം വാർഡ് പൂർണമായും അടച്ചിട്ടിരിക്കുകയാണ്. വാർഡിൽ നിയന്ത്രണങ്ങൾ കർശനമായി നടപ്പിലാക്കുന്നുണ്ടെന്നും ക്വാറന്റൈനിൽ കഴിയുന്ന ആളുകൾ പുറത്തിറങ്ങാതെ നോക്കുന്നുണ്ടെന്നും വാർഡ് മെമ്പർ കുർള അബ്ദുല്ലകുഞ്ഞി പറഞ്ഞു.