തളിപ്പറമ്പ്: കൊവിഡ് പോസിറ്റീവായ രോഗി ഫ്ളാറ്റിൽ ചികിത്സയിൽ കഴിഞ്ഞതിനെതിരെ മറ്റ് താമസക്കാർ പ്രതിഷേധിച്ചു. ഏറെ നേരത്തെ വാക് തർക്കങ്ങൾക്കൊടുവിൽ രോഗിയെ ആശുപത്രിയിലേക്ക് മാറ്റി. പരിയാരം കണ്ണൂർ ഗവ. മെഡിക്കൽ കോളേജിൽ കഴിഞ്ഞ 29 ന് കൊവിഡ് പോസിറ്റീവ് സ്ഥീരീകരിച്ച ജീവനക്കാരനാണ് ക്വാർട്ടേഴ്സിൽ താമസിച്ച് ചികിത്സയിൽ കഴിഞ്ഞത്. ആരോഗ്യ പ്രവർത്തകരായ കൊവിഡ് രോഗികൾക്ക് രോഗലക്ഷണങ്ങളില്ലെങ്കിൽ വീടുകളിൽ ചികിത്സയിൽ കഴിയാമെന്ന ഉത്തരവ് പ്രകാരം സത്യവാങ്മൂലം നൽകിയാണ് ഇദ്ദേഹം ആർ.എം.ഒ യുടെ അനുമതിയോടെ കുടുംബസമേതം താമസിക്കുന്ന ക്വാർട്ടേഴ്സിൽ ചികിത്സയിൽ കഴിഞ്ഞത്. എന്നാൽ ഇദ്ദേഹത്തിന്റെ കുടുംബാംഗങ്ങൾ ക്വാറന്റൈൻ നിയന്ത്രണം ലംഘിച്ച് മറ്റുള്ളവരുമായി ഇടപെടുന്നതായി ആരോപണം ഉയർന്നു.

32 ഫ്ലാറ്റുകൾ ഉൾക്കൊള്ളുന്ന സമുച്ചയത്തിൽ സ്ത്രീകളും കുട്ടികളും ഉൾപ്പെടെ 150 പേർ താമസിക്കുന്നുണ്ട്. ഫ്ലാറ്റിലെ മറ്റ് താമസക്കാർ പ്രതിഷേധിക്കുകയും വിവരം പ്രിൻസിപ്പാളിനെയും മെഡിക്കൽ സൂപ്രണ്ടിനെയും അറിയിക്കുകയും ചെയ്തു. ഇവരുടെ നിർദ്ദേശപ്രകാരം മെഡിക്കൽ കോളേജിലേക്ക് മാറ്റാൻ ബന്ധപ്പെട്ടവർ എത്തിയപ്പോൾ ആശുപത്രിയിലേക്ക് മാറാൻ രോഗിയായ ജീവനക്കാരൻ തയ്യാറായില്ല. ഏറെ നേരത്തെ തർക്കങ്ങൾക്കൊടുവിൽ മെഡിക്കൽ കോളേജ് അധികൃതർ കർശനമായ നിലപാടെടുത്തതോടെയാണ് ആശുപത്രിയിലേക്ക് മാറാൻ ഇദ്ദേഹം തയ്യാറായതത്രെ. ചികിത്സ ക്വാർട്ടേഴ്സുകളിലോ ഫ്ലാറ്റുകളിലോ അല്ലെന്നും മറിച്ച് അവരുടെ വീടുകളിലാകണമെന്നതാണ് ഉത്തരവിലെന്നും മെഡിക്കൽ കോളേജ് അധികൃതർ

വ്യക്തമാക്കി.