ചെറുവത്തൂർ: തൈക്കടപ്പുറം മത്സ്യബന്ധന കേന്ദ്രത്തിൽ കൈവിട്ട കളി. കൊവിഡ് സമ്പർക്ക വ്യാപനം ഭീതിജനകമായി തുടരുമ്പോഴും നിയന്ത്രണങ്ങൾ പാലിക്കാതെ ഇവിടെ കൂട്ടംകൂടൽ നടക്കുന്നതാണ് ആക്ഷേപത്തിനിടയാക്കുന്നത്. മത്സ്യ ബന്ധനവും വിപണനവും നിരോധിച്ചിട്ടും ,ഇത്തരം കേന്ദ്രങ്ങളിലെ ആൾക്കൂട്ടത്തിന് ഒരു ശമനവുമില്ല. ഇന്നലെ തൈക്കടപ്പുറം മത്സ്യ ബന്ധന കേന്ദ്രത്തിൽ ക്രമാതീതമായ നിലയിൽ ജനങ്ങൾ കൂടിയത് നാട്ടുകാരുടെ പ്രതിഷേധത്തിനിടയാക്കി.

ഇതര ജില്ലകളിൽ നിന്നുള്ള ബോട്ടുകളും ചെറുവള്ളങ്ങളും കൂടാതെ മഞ്ചേശ്വരം കുമ്പള, കാസർകോട്, ബേക്കൽ, കാഞ്ഞങ്ങാട് എന്നിവിടങ്ങളിലുള്ള യാനങ്ങളടക്കം മീനുമായി തൈക്കപ്പുറത്തെത്തിയതോടെ ശനിയാഴ്ച വൻ ജനത്തിരക്കാണ് ഈ മേഖലയിൽ അനുഭവപ്പെട്ടന്നത്‌. ഓട്ടോറിക്ഷകളിലും മറ്റു വാഹനങ്ങളിലുമായി മത്സ്യ തൊഴിലാളികളും പൊതുജനങ്ങളും എത്തിത്തുടങ്ങിയതോടെ ബോട്ട്‌ജെട്ടിയും പരിസരവും തിരക്കായി.

നേരത്തെ ഇത്തരം സംഭവങ്ങളുണ്ടായതിനെ തുടർന്ന് അനുമതിയില്ലാതെ മത്സ്യബന്ധനം, വിൽപന നടത്തിയതിനു പത്ത്‌ തൊഴിലാളികൾക്കെതിരെ പൊലീസ്‌ കേസെടുത്തിരുന്നെങ്കിലും വീണ്ടും ആൾക്കൂട്ടമെത്തിയത്‌ അധികൃതരെ വലച്ചിരിക്കുകയാണ്. നാട്ടുകാർ പൊലീസിൽ വിവരമറിയിച്ചിട്ടും നടപടിയുമുണ്ടായില്ലെന്നും പരാതിയുണ്ട്.