കാസർകോട്: കോട്ടപ്പുറം മുതൽ ഏഴിമല താഴ്വാരമായ മാടക്കാൽ വരെ വിനോദ സഞ്ചാരികളുമായി കവ്വായി കായലിൽ സുഖസവാരി നടത്തിയിരുന്ന 35 ഓളം ഹൗസ് ബോട്ടുകൾ ഷെഡിലായിട്ട് മാസങ്ങൾ. കൊവിഡ് കാരണം പൂർണമായും നിശ്ചലമായതിനു പുറമെ, വിനോദസഞ്ചാര മേഖലയിൽ നിക്ഷേപം നടത്തിയവർ ഒന്നടങ്കം വലിയ കടക്കെണിയിലും.
അടുത്തകാലത്ത് ജീവൻവച്ച ഈ വ്യവസായം പാടെ നിശ്ചലമായതോടെ കവ്വായി കായലിൽ ബോട്ടിറക്കിയ ഉടമകളെല്ലാം വലിയ പ്രതിസന്ധിയിലാണ്. വലിയ ടാർപോളിൻ കൊണ്ട് മൂടി കയറ്റിയിട്ട ഹൗസ് ബോട്ടുകളിൽ പലതും തുരുമ്പെടുത്തു തുടങ്ങി. കൊവിഡ് ഭയവും നിയന്ത്രണങ്ങളും കാരണം ഇപ്പോൾ ആരും സുഖസവാരിക്ക് അന്വേഷിച്ചു വരുന്നില്ല. സ്വന്തമായും കൂട്ടമായും ഹൗസ് ബോട്ടുകൾ നീറ്റിൽ ഇറക്കിയവരാണ് ഈ ഭാഗങ്ങളിലുള്ളത്. ധനകാര്യ സ്ഥാപനങ്ങളിൽ നിന്നും വൻതുക വായ്പയെടുത്താണ് പലരും ബോട്ടുകൾ വാങ്ങിയത്. വ്യക്തിപരമായി കാശ് മുടക്കി വാങ്ങിയവർക്കു പുറമെ നിരവധി ടൂറിസം സൊസൈറ്റികളും ഹൗസ് ബോട്ടുകൾ ഇറക്കിയിട്ടുണ്ട്.
അറ്റകുറ്റപ്പണിക്ക് വേണം ലക്ഷങ്ങൾ
ഇനിയിപ്പോൾ കൊവിഡ് നിയന്ത്രണം നീങ്ങിയാലും കായലിൽ വിശ്രമിക്കുന്ന ബോട്ടുകൾ അറ്റകുറ്റപ്പണി നടത്തി വീണ്ടും ഓട്ടം തുടങ്ങണമെങ്കിൽ ലക്ഷങ്ങൾ ചിലവഴിക്കേണ്ടി വരുമെന്നാണ് പറയുന്നത്. അരക്കോടിയിൽ അധികം രൂപ ചെലവഴിച്ചാണ് ഒരു വഞ്ചി വീട് കായലിൽ ഇറക്കുന്നത്. മെച്ചപ്പെട്ട അലങ്കാരങ്ങളോടെ വഞ്ചി വീട് കായലിൽ ഇറക്കാൻ 80 ലക്ഷം രൂപയെങ്കിലും വേണം.10 മുതൽ 50 പേരെ വരെ ഉൾക്കൊള്ളാവുന്ന ഹൗസ് ബോട്ടുകളാണ് ഇവിടെയുള്ളത്. ഈ വ്യവസായത്തിനായി ധനകാര്യ സ്ഥാപനങ്ങൾ വായ്പ നൽകാൻ മടിക്കുന്നതിനാൽ ഭൂമി പണയം വച്ചും മറ്റുമാണ് വായ്പ എടുത്തത്. സർക്കാരിൽ നിന്നോ ടൂറിസം വകുപ്പിൽ നിന്നോ ഈ വ്യവസായത്തിനു സഹായമില്ല. ലോക്ക്ഡൗൺ കാലത്ത് ദുരിതം നേരിട്ടവരെ സർക്കാർ സഹായിച്ചപ്പോൾ ആ പട്ടികയിലും ഉടമകളോ ഇതിനെ ആശ്രയിച്ചു കഴിയുന്ന തൊഴിലാളികളോ ഇടം പിടിച്ചില്ല. ബോട്ടുകളിൽ ജോലി ചെയ്യുന്ന 200 ഓളം തൊഴിലാളികളുടെ ജീവിതവും പ്രതിസന്ധിയിലാണ്. ഇവരിൽ പലരും ഇപ്പോൾ മീൻപിടിച്ചും മറ്റുമാണ് കുടുംബം പോറ്റുന്നത്.
കവ്വായി കായലിൽ
ഹൗസ് ബോട്ടുകൾ 35
തൊഴിലാളികൾ 200
മുതൽമുടക്ക് (ഹൗസ്ബോട്ട് ഒന്നിന്) 1 കോടി