iratta
പരിയാരം മെഡിക്കൽ കോളേജിൽ ഇന്നലെ ശസ്ത്രക്രിയയിലൂടെ പുറത്തെടുത്ത ഇരട്ടക്കുട്ടികളുമായി ആരോഗ്യപ്രവർത്തകർ

തളിപ്പറമ്പ: കൊവിഡ് ഭീതിക്കിടയിലും കണ്ണൂർ ഗവ.മെഡിക്കൽ കോളേജിൽ ഇൻ വിട്രോ ഫെർട്ടിലൈസേഷൻ(ഐ.വി.എഫ്) വഴി ഗർഭധാരണം നടത്തിയ യുവതി ഇരട്ടക്കുട്ടികൾക്ക് ജന്മം നൽകി. കൊവിഡ് പരിശോധനയ്ക്ക് വിധേയയായി ആശുപത്രിയിൽ പ്രവേശിപ്പിച്ച ഗർഭിണികളിൽ 14ാമത്തെ പ്രസവമാണിത്. ഇന്നലെ ഉച്ചയോടെ ഒരു മിനുട്ടിന്റെ വ്യത്യാസത്തിലായിരുന്നു പ്രസവം.

പ്രശസ്ത പ്രസവ സ്ത്രീ രോഗ വിദഗ്ദ്ധൻ ഡോ. എസ്. അജിത്തിന്റെ നേതൃത്വത്തിലുള്ള ഡോക്ടർമാരുടെ സംഘത്തിലെ ഡോ. മാലിനിയാണ് ശസ്ത്രക്രിയ നടത്തിയത്. കുട്ടികൾക്ക് 2.35 കിലോയും 2.25 കിലോയുമാണ് തൂക്കം. അമ്മയും കുട്ടികളും സുഖമായിരിക്കുന്നുവെന്ന് മെഡിക്കൽ കോളേജ് അധികൃതർ പറഞ്ഞു.

കഴിഞ്ഞ ജൂൺ മാസമാണ് കണ്ണൂർ താഴെചൊവ്വ സ്വദേശിനിയായ യുവതി ഷാർജയിൽ നിന്നും നാട്ടിലെത്തിയത്. റാപിഡ് പരിശോധനയിൽ നെഗറ്റീവായെങ്കിലും കൊവിഡ് പോസിറ്റീവ് കേസുകൾ കൈകാര്യംചെയ്യുന്ന അതേ നിയന്ത്രണങ്ങൾ പാലിച്ചായിരുന്നു ശസ്ത്രക്രിയ. ഇത്തരത്തിൽ ലോകത്ത് നടക്കുന്ന ആദ്യത്തെ പ്രസവമാണ് ഇതെന്ന് മെഡിക്കൽ കോളേജ് അധികൃതർ പറഞ്ഞു.