ഇരിട്ടി: ആറളം പൊലീസ് സ്റ്റേഷനിൽ 33 പൊലീസുകാരുടെ കൊവിഡ് പരിശോധനാഫലം നെഗറ്റീവ്. ഇതോടെ സ്റ്റേഷന്റെ പ്രവർത്തനം പഴയ നിലയിലായി.
കണ്ണൂർ പൊലീസ് കാന്റീനിലെ സമ്പർക്കത്തെ തുടർന്ന് കൊവിഡ് പോസിറ്റീവ് ആയ സിവിൽ പൊലീസ് ഓഫീസർ ഒഴികെ ബാക്കി മുഴുവൻ പൊലീസുകാരുടെയും പരിശോധനാ ഫലമാണ് നെഗറ്റീവ് ആയിട്ടുള്ളത്. ക്വാറന്റൈനിൽ പോയിരുന്ന ഒരു ഡോക്ടറുടെയും മൂന്ന് ആരോഗ്യപ്രവർത്തകരുടെയും പരിശോധനാ ഫലവും നെഗറ്റീവാണ്.
രണ്ടു ഘട്ടങ്ങളിലായുള്ള സമ്പർക്കത്തെ തുടർന്ന് ആറളം സ്റ്റേഷനിലെ 21 പൊലീസുകാർ ക്വാറന്റൈനിൽ ആയിരുന്നു. ബാക്കി പൊലീസുകാരും 5 തണ്ടൾബോൾട്ട് കമാൻഡോകളും മറ്റ് വ്യത്യസ്ത ജോലികൾക്ക് നിയോഗിക്കപ്പെട്ടവരായതിനാൽ 6 ദിവസമായി ആറളം സ്റ്റേഷനിൽ സി.ഐ കെ.സുധീർ മാത്രമാണ് ജോലി ചെയ്തിരുന്നത്.
സിവിൽ പൊലീസ് ഓഫീസറുടെ സമ്പർക്കത്തിൽപ്പെട്ട 14 പേരുടെ പരിശോധന ഫലം രണ്ടുദിവസം മുൻപ് തന്നെ നെഗറ്റീവ് ആയിരുന്നു. റിമാൻഡ് പ്രതിയുടെ സമ്പർക്കത്തിൽപ്പെട്ടവരും തണ്ടർബോൾട്ട് കമാൻഡോകളും സി.ഐയും ഉൾപ്പെടെയുള്ളവരുടെ പരിശോധനാ ഫലം ഇന്നലെയാണ് വന്നത്. കണ്ണൂർ ആയിക്കരയിലെ കൊവിഡ് ഫസ്റ്റ്‌ലൈൻ ട്രീറ്റ്‌മെന്റ് സെന്ററിൽ കഴിയുന്ന സിവിൽ പൊലീസ് ഓഫീസറുടെ പരിശോധന വീണ്ടും നടത്തും.