തൃക്കരിപ്പൂർ: കഥാകൃത്ത് അംബികാസുതൻ മാങ്ങാടിന്റെ കഥാപാത്രങ്ങളെ പുനരാവിഷ്ക്കരിച്ചു കൊണ്ട് എന്റോസൾഫാൻ ദുരന്തത്തിന്റെ ആഴത്തിലേക്കും അനീതിയിലേക്കും വായനക്കാരെ വേദനയോടെ കൊണ്ടുപോകുന്ന വി.വി. രവീന്ദ്രൻ മാസ്റ്ററുടെ 'അംബികാസുതന് ചിലത് പറയാനുണ്ട്" എന്ന പുസ്തകം അഞ്ചിന് 12 പേർ ചേർന്ന് ഓൺലൈനിലൂടെ പ്രകാശനം ചെയ്യും. പുസ്തകത്തിൽ നിന്ന് ലഭിക്കുന്ന തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്യും. രാജ് മോഹൻ ഉണ്ണിത്താൻ എം.പി, എം.എൽ.എമാരായ എം. രാജഗോപാലൻ, ടി.വി. രാജേഷ്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ.ജി.സി ബഷീർ, സാഹിത്യ അക്കാഡമി എക്സിക്യൂട്ടിവ് അംഗം ഇ.പി. രാജഗോപാലൻ, ഐ.എൻ.എസ് വൈസ് ചെയർമാൻ എം.വി. ശ്രേയാംസ് കുമാർ, പന്ന്യൻ രവീന്ദ്രൻ, നോവലിസ്റ്റ് സി.വി. ബാലകൃഷ്ണൻ, കഥാകൃത്ത് ഹരിദാസ് കരിവെള്ളൂർ, കവിയും പുരോഗമന കലാ സംഘം ജില്ലാ പ്രസിഡന്റുമായ സി.എം. വിനയചന്ദ്രൻ , പരിസ്ഥിതി എഴുത്തുകാരൻ ഡോ. ഇ. ഉണ്ണികൃഷ്ണൻ ,കണ്ണൂർ സർവ്വകലാശാല സിൻഡിക്കേറ്റ് മെമ്പർ ഡോ: വി.പി.പി മുസ്തഫ എന്നിവരാണ് ഒരേ സമയം പുസ്തകം പ്രകാശനം ചെയ്യുന്നത്. വി.വി. രവീന്ദ്രൻ എടാട്ടുമ്മൽ സ്വദേശിയാണ്. വാർത്താസമ്മേളനത്തിൽ എ.കെ.ശ്രീധരൻ, പ്രമോദ് ആലപ്പടമ്പൻ, വി.വി. രവീന്ദ്രൻ എന്നിവർ പങ്കെടുത്തു.