കാസർകോട്: കൊവിഡ് കാലത്ത് ജില്ലയിൽ നടപ്പിലാക്കിയ വിവിധ നിയന്ത്രണങ്ങളുടെ ഭാഗമായി വ്യാപാരികൾ നേരിടുന്ന പ്രശ്നങ്ങൾ നേരിട്ട് ചർച്ച നടത്തി പരിഹരിക്കുന്നതിന് റവന്യൂ മന്ത്രി ഇ. ചന്ദ്രശേഖരൻ വീഡിയോ കോൺഫറൻസിലൂടെ തിങ്കളാഴ്ച രാവിലെ 10 മുതൽ പതിനൊന്നര വരെ വ്യാപാരി വ്യവസായി പ്രതിനിധികളുമായി സംസാരിക്കും. ഈ ചർച്ചയിൽ അന്തർ സംസ്ഥാന ചരക്കുനീക്കം മംഗലാപുരത്തുനിന്ന് കാസർകോട്ടേക്കും കാസർകോട് നിന്നും മംഗലാപുരത്തേക്കും ദിവസേന യാത്ര ചെയ്യുന്ന വ്യാപാരികളുടെ പ്രശ്നങ്ങൾ തുടങ്ങിയ കാരൃങ്ങളും ചർച്ച ചെയ്യുന്നതാണെന്ന് ജില്ലാ കളക്ടർ ഡോ. ഡി. സജിത്ബാബു അറിയിച്ചു. കൊവിഡ് രോഗവ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തിൽ ജില്ലയിൽ തുടർന്ന് ഏർപ്പെടുത്തേണ്ട നിയന്ത്രണങ്ങൾ സംബന്ധിച്ച് തിങ്കളാഴ്ച ഉച്ചയ്ക്ക് രണ്ടര മുതൽ മുതൽ നാലുമണി വരെ ജില്ലയിലെ ജില്ല, ബ്ലോക്ക്, ഗ്രാമപഞ്ചായത്ത് ജന പ്രതിനിധികൾ മുൻസിപ്പൽ ജന പ്രതിനിധികൾ എന്നിവരുമായി മന്ത്രി ചർച്ച നടത്തും.