aayikkara

കണ്ണൂർ: ട്രോളിംഗ് നിരോധനം കഴിഞ്ഞ് രണ്ട് ദിവസം പിന്നിട്ടിട്ടും തീരങ്ങളിൽ വറുതി ഒഴിയുന്നില്ല. കാലാവസ്ഥയും മത്സ്യലഭ്യത കുറവും മതിയായ തൊഴിലാളികൾ ഇല്ലാത്തതുമെല്ലാം തീരത്തുള്ളവർക്ക് വെല്ലുവിളിയാവുകയാണ്. ഴീക്കലിൽ നിന്നും വളരെ കുറച്ച് തോണികൾ മാത്രമാണ് ഈ രണ്ട് ദിവസങ്ങളിലായി മത്സ്യബന്ധനത്തിനു പോയത്.

ചെറുവത്തൂരിൽ നിന്നും ബോട്ടുകളൊന്നും തന്നെ ഇതുവരെ മത്സ്യബന്ധനത്തിനായി ഇറങ്ങിയിട്ടില്ലെന്ന് മത്സ്യ തൊഴിലാളികൾ പറഞ്ഞു. ചെറിയ വള്ളങ്ങൾ ചെറിയതോതിൽ മാത്രം മത്സ്യബന്ധനം നടത്തുന്നുണ്ട്. കൊവിഡ് പശ്ചാത്തലത്തെ തുടർന്നുണ്ടായ ഭീതിയും നിയന്ത്രണങ്ങളും കാരണം ആളുകൾ മത്സ്യം വാങ്ങാൻ മടിക്കുന്നതിനാൽ വിൽപ്പനയും തകിടം മറിഞ്ഞു. ആൾക്കൂട്ടമൊഴിവാക്കാൻ മത്സ്യം ലേലം ചെയ്യുന്നത് ഉൾപ്പെടെയുള്ളവ വിലക്കിയതും വിൽപ്പനയെ സാരമായി ബാധിച്ചു.

മത്സ്യബന്ധന ബോട്ടുകളിൽ തൊഴിലാളികളായി കൂടുതലും ഇതര സംസ്ഥാന തൊഴിലാളികൾ ആയതിനാൽ ആവശ്യത്തിന് തൊഴിലാളികൾ ഇല്ലാത്ത അവസ്ഥയും ഉണ്ട്.അഴീക്കലിൽ ഉള്ള ചെറിയ ശതമാനം തൊഴിലാളികളെ മാറ്റി നിർത്തിയാൽ ഭൂരിഭാഗവും തമിഴ്നാട്, ആന്ധ്ര, കർണ്ണാടക എന്നിവിടങ്ങളിൽ നിന്നുള്ളവരാണ്. ഇവർ കൂടി തിരിച്ചുവന്നാൽ മാത്രമേ മത്സ്യബന്ധനം പഴയതു പോലെ നടക്കുവെന്നാണ് അഴീക്കലിലെ തൊഴിലാളികൾ പറയുന്നത്.

ആഗസ്റ്റ് പകുതിയോടെ പ്രതിസന്ധികളെല്ലാം മറുമെന്ന പ്രതീക്ഷയും ഇവർ പങ്കുവെയ്ക്കുന്നുണ്ട്. തിരിച്ചടികൾ ഒാരോന്നായി വരുമ്പോഴും സർക്കാ‌ർ ആവശ്യമായ ആനുകൂല്യങ്ങളോ മറ്റുസഹായങ്ങളോ നൽകുന്നില്ലെന്നാണ് ഇവരുടെ ആക്ഷേപം. ആനുകൂല്യങ്ങൾ പലപ്പോഴും ബോട്ട് തൊഴിലാളികളെ പരിഗണിക്കാതെ പരമ്പരാഗത മത്സ്യത്തൊഴിലാളികൾക്ക് മാത്രമാണ് ലഭിക്കുന്നതെന്നും ഒരു വിഭാഗം പരാതിപ്പെടുന്നു.

കാലാവസ്ഥയും വില്ലൻ

ട്രോളിംഗ് നിരോധനം പിൻവലിച്ചെങ്കിലും അടുത്ത വെല്ലുവിളിയാകുന്നത് കാലാവസ്ഥയാണ്. ശക്തമായ മഴയും കാറ്റും മത്സ്യ ബന്ധനത്തെ പ്രതികൂലമായി ബാധിക്കുകയാണ്. മറ്റ് ജില്ലകളിലെ തീരങ്ങളെ അപേക്ഷിച്ച് വളപട്ടണം പുഴയിലെ അഴിമുഖം കൂടുതൽ ശക്തമായതിനാൽ മത്സ്യബന്ധനത്തിന് വലിയ തടസ്സമാവുകയാണെന്നും തൊഴിലാളികൾ പറയുന്നു.

ബൈറ്റ്

മത്സ്യം വാങ്ങാൻ ആളുകളില്ലാത്തതും ആവശ്യത്തിന് തൊഴിലാളികൾ ഇല്ലാത്തതും പ്രധാന പ്രശ്നമാവുകയാണ്.ചെറിയ വള്ളങ്ങൾ മാത്രമാണ് ഇപ്പോൾ ചെറിയ തോതിലെങ്കിലും മത്സ്യ ബന്ധനം നടത്തുന്നത്. ട്രോളിംഗ് നിരോധനം കഴിഞ്ഞിട്ടും

പട്ടിണി കിടക്കേണ്ട സ്ഥിതി. സർക്കാർ സഹായവും കാര്യമായി ലഭിക്കുന്നില്ല.

സുനിൽ കുമാർ, മത്സ്യത്തൊഴിലാളി, അഴീക്കൽ