ചെലവ് 350 രൂപ
കാഞ്ഞങ്ങാട്: പി.പി.ഇ കിറ്റിനുള്ളിൽ ഉരുകുന്ന ആരോഗ്യ പ്രവർത്തകർക്ക് ആശ്വാസമേകാൻ പുതിയ ഉപകരണവുമായി മാവുങ്കാലിലെ സുധീർ പ്രഭു. എൻ 95 മാസ്ക്, ഫേസ് ഷീൽഡ്, ഗൂഗിൾസ് കണ്ണട ഇവയെല്ലാം ഒന്നിച്ചു ചേർന്നുള്ള ഉപകരണമാണ് കാഞ്ഞങ്ങാട് നിത്യാനന്ദ പോളിടെക്നിക് കോളേജിൽ നിന്ന് ഓട്ടോമൊബൈൽ എൻജിനിയറിംഗിൽ ഡിപ്ലോമ നേടിയ ഈ ഇരുപത്തിരണ്ടുകാരൻ നിർമിച്ചത്.
ത്രാണ എന്ന പേരിൽ പുതുതായി ഇറക്കിയ ഉപകരണം മാസങ്ങളോളം ഉപയോഗിക്കാം. ശിരസ്സുമുതൽ കഴുത്തുവരെ പൂർണമായും മറഞ്ഞു നിൽക്കുന്നതിനാൽ അന്തരീക്ഷത്തിലെ പൊടിപടലങ്ങൾ, സൂക്ഷ്മാണുക്കൾ എന്നിവയെ പ്രതിരോധിക്കുന്നു.
പി.പി.ഇ കിറ്റ് ഉപയോഗിക്കുമ്പോഴുള്ള കടുത്ത ചൂട് ത്രാണയ്ക്കില്ല. കിറ്റിനുള്ളിൽ ദീർഘനേരം കഴിഞ്ഞാലുണ്ടാകുന്ന കടുത്ത പേശി വേദനയും മുഖത്ത് കുഴികൾ രൂപപ്പെടുന്നതും ഒഴിവാക്കാനുമാകും. തന്റെ ഉപകരണം ജില്ലാ മെഡിക്കൽ ഓഫീസർക്കും ഡി.പി.എമ്മിനും അനുമതിക്കായി സമർപ്പിച്ചിരിക്കയാണ് സുധീർ പ്രഭു. രാംനഗർ സ്കൂളിനടുത്ത് താമസിക്കുന്ന എം. രാമചന്ദ്ര പ്രഭുവിന്റെയും ജയലക്ഷ്മിയുടെയും മകനാണ്.
വായുവിനെ ഫിൽട്ടർ ചെയ്ത്
ശുദ്ധീകരിക്കാം
മാസ്ക് പോലുള്ള ഉപകരണങ്ങൾ നമ്മുടെ ശ്വസനക്രിയയെ തടസ്സപ്പെടുത്തുകയും ശുദ്ധവായു ആവശ്യത്തിന് ലഭിക്കാതിരിക്കുകയും ചെയ്യുന്നുവെന്ന പരാതി പരിഹരിക്കാൻ വായുവിനെ ഫിൽട്ടർ ചെയ്യാനുള്ള മറ്റൊരു സാങ്കേതിക വിദ്യ കൂടി വികസിപ്പിക്കാനുള്ള തയ്യാറെടുപ്പിലാണ് സുധീർ പ്രഭു. വായുവിനെ ശുദ്ധീകരിക്കാൻ ആയുർവേദ വിധി പ്രകാരമുള്ള മൂന്നുതരം കരിയാണ് ഉപയോഗിക്കുക. മഞ്ഞൾ, കുരുമുളക്, ചിരട്ട എന്നിവ ഉപയോഗിച്ചുള്ള കരി വായു ശുദ്ധീകരണത്തോടൊപ്പം ബാക്ടീരിയകളെയും അണുക്കളെയും നശിപ്പിക്കാനുള്ള ശക്തിയുമുള്ളതാണ്. ഈ ഉപകരണം നിർമാണഘട്ടത്തിലാണ്.
മാവുങ്കാലിലെ എം. സുധീർ പ്രഭു ആരോഗ്യ പ്രവർത്തകരുടെ സുരക്ഷയ്ക്കായി വികസിപ്പിച്ചെടുത്ത 'ത്രാണ' എന്ന ഉപകരണം