കാഞ്ഞങ്ങാട്: കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ ആരോഗ്യപ്രവർത്തകർക്കൊപ്പം ഊണും ഉറക്കവും ഉപേക്ഷിച്ച് പങ്കാളികളാകുമ്പോഴും ആശ വർക്കർമാർക്ക് അവഗണന മാത്രം. സംസ്ഥാനത്ത് 26,000ത്തിൽപരം ആശമാരാണ് മതിയായ വേതനമോ ജോലി സുരക്ഷിതത്വമോ ഇല്ലാതെ കഴിയുന്നത്. 5000 രൂപയാണ് പ്രതിമാസം ഇവർക്ക് ഓണറേറിയം ലഭിക്കുന്നത്. ജീവിതച്ചെലവ് മുന്നോട്ട് കൊണ്ടുപോകാൻ ഇത് തീർത്തും അപര്യാപ്തമാണെന്നാണ് ഇവർ പറയുന്നത്.
ജില്ലയിൽ മൂന്ന് ആശമാർക്ക് ഇതിനകം കൊവിഡ് രോഗം ബാധിക്കുന്ന സ്ഥിതിയുണ്ടായി. ഇങ്ങനെ തീർത്തും പ്രതികൂലമായ സാഹചര്യത്തിൽ ജോലി ചെയ്യുമ്പോഴെങ്കിലും തങ്ങളുടെ ദുരിതങ്ങൾ സർക്കാർ മനസിലാക്കണമെന്നാണ് ഇവരുടെ ആവശ്യം. നാഷണൽ റൂറൽ ഹെൽത്ത് മിഷന്റെ കീഴിലാണ് ഇപ്പോൾ ആശമാരുടെ പ്രവർത്തനം. എന്നാൽ എൻ.എച്ച്.എം കരാർ ജീവനക്കാരുടെ വേതനം പരിഷ്കരിക്കുകയും ഇൻഷുറൻസ് പരിരക്ഷ ഉറപ്പുവരുത്തുകയും ചെയ്ത് സർക്കാർ ഉത്തരവ് വന്നെങ്കിലും ആശമാരെ അവഗണിക്കുകയായിരുന്നുവെന്നാണ് പറയുന്നത്. ആരോഗ്യ പ്രവർത്തകർക്കൊപ്പം ജോലി ചെയ്യുന്ന ആശമാരുടെ വേതന ഘടന പോലും ഇനിയും നിശ്ചയിക്കപ്പെട്ടിട്ടില്ല. ഒരു വാർഡിൽ ഒരു ആശാ വർക്കർ എന്ന നിലയിലാണ് ഇവരെ നിശ്ചയിച്ചത്.
ജോലിഭാരവും വേതനമില്ലായ്മയും കാരണം ആദ്യകാലത്ത് പലരും സേവനം മതിയാക്കി. വാർഡിലെ ഗർഭിണികളെ കണ്ടെത്തൽ മുതൽ പ്രസവശേഷം കുഞ്ഞിന് പ്രതിരോധ കുത്തിവയ്പ് സമയബന്ധിതമായി നടത്തുന്നതുവരെയുള്ള കാര്യങ്ങൾ അന്വേഷിക്കുകയും അത് കൃത്യമായി രേഖപ്പെടുത്തി അറിയിക്കുകയും വേണം. സർക്കാർ ആശുപത്രികളിൽ നടക്കുന്ന പ്രസവത്തിന് പ്രധാനമന്ത്രി ജനനി സുരക്ഷാ യോജന പ്രകാരം 700 രൂപ അമ്മയ്ക്കും 300 രൂപ ആശയ്ക്കും ലഭിക്കും. പ്രസവ സമയംവരെ ഗർഭിണിയുടെ കാര്യങ്ങളിൽ ശ്രദ്ധ ചെലുത്തിയ ആശയ്ക്ക് പ്രസവം സ്വകാര്യ ആശുപത്രിയിലാകുന്നതോടെ വെറുംകൈയോടെ മടങ്ങേണ്ടി വരുന്നു. ചുരുങ്ങിയ ഓണറേറിയമാണ് ലഭിക്കുന്നതെങ്കിലും കടുത്ത നിബന്ധനകളാണ് ഇവർ പാലിക്കേണ്ടതെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു.
ചുമതലകൾ ഏറെ
വാർഡ് ആരോഗ്യ റിപ്പോർട്ടുകൾ തയാറാക്കുക, വാർഡ് അവലോകന യോഗം നടത്തുക, സബ് സെൻറർ അവലോകന യോഗത്തിൽ പങ്കെടുക്കുക, പഞ്ചായത്ത് അവലോകന യോഗത്തിൽ പങ്കെടുക്കുക എന്നിവയ്ക്ക് പുറമെ ആർദ്രം മിഷന്റെ ഭാഗമായുള്ള ഡ്യൂട്ടി, പാലിയേറ്റീവ് ഹോം കെയർ തുടങ്ങിയ ജോലികൾ ഇവരുടെ ചുമതലയാണ്. എന്നാൽ ഇതൊക്കെ ചെയ്താലും ജെ.പി.എച്ച്.എന്മാരുടെ ഉദാസീനത കൊണ്ട് പോലും ഓണറേറിയം മുടങ്ങാം.
കൊവിഡ് ഡ്യൂട്ടി
വാർഡ് ജാഗ്രതാ സമിതികളിലെ അംഗങ്ങളെന്ന നിലയ്ക്ക് നിരീക്ഷണത്തിൽ കഴിയുന്നവരുടെ വിവരങ്ങൾ ശേഖരിക്കൽ, അവരുടെ ഭക്ഷണകാര്യങ്ങൾ അന്വേഷിക്കൽ, ക്വാറന്റൈൻ ലംഘനങ്ങൾ ശ്രദ്ധയിൽപെടുത്തൽ, വിദേശങ്ങളിൽനിന്നും ഇതര സംസ്ഥാനങ്ങളിൽനിന്നും എത്തിയവരുടെ വിവരങ്ങൾ ശേഖരിച്ച് ആരോഗ്യ പ്രവർത്തകരുടെ ശ്രദ്ധയിൽപെടുത്തൽ
ആശമാർക്ക് ന്യായമായ വേതനവും തൊഴിൽ സുരക്ഷയും ഇൻഷ്വറൻസ് പരിരക്ഷയും ആവശ്യപ്പെട്ട് ദേശവ്യാപകമായി പ്രക്ഷോഭത്തിനൊരുങ്ങുകയാണ്.
വി.വി പ്രസന്നകുമാരി, ആശ വർക്കേഴ്സ് യൂണിയൻ (സി.ഐ.ടി.യു) കേന്ദ്ര കമ്മിറ്റി അംഗം