തലശ്ശേരി: കൊവിഡ് പ്രോട്ടോക്കോൾ പാലിച്ച് കൊണ്ട് തലശ്ശേരിയിലെ മൊത്ത മത്സ്യ മാർക്കറ്റ് തുറന്നു പ്രവർത്തിക്കാൻ അനുവദിക്കണമെന്നാവശ്യപ്പെട്ട് ആൾ കേരള മർച്ചന്റ്സ് അസോസിയേഷനും കമ്മീഷൻ ഏജന്റ്സ് അസോസിയേഷനും ചേർന്ന് തലശ്ശേരി സബ് കളക്ടർ ആസിഫ് കെ. യൂസഫിന് നിവേദനം നൽകി. ഈ മേഖലയിൽ ജോലി ചെയ്യുന്ന നൂറുകണക്കിന് തൊഴിലാളികൾ പട്ടിണിയിലാണ്. സർക്കാർ ആഗസ്റ്റ് അഞ്ച് മുതൽ സംസ്ഥാനത്ത് മത്സ്യ ബന്ധനത്തിന് അനുമതി നൽകിയിട്ടുണ്ട്. ട്രോളിംഗ് നിരോധനവും നീക്കും. അതുകൊണ്ട് എത്രയും പെട്ടെന്ന് നടപടികൾ കൈകൊള്ളണം. ആരോഗ്യ വകുപ്പിന്റെ എല്ലാ ജാഗ്രത നിർദേശങ്ങളും അനുസരിക്കുമെന്നും യൂനിറ്റ് പ്രസിഡന്റ് എ.കെ ഉസ്മാൻ, ജനറൽ സെക്രട്ടറി കെ. ഹക്കീം, ട്രഷറർ പി.പി ഖാദർ എന്നിവർ നിവേദനത്തിലൂടെ അറിയിച്ചു. കൂടാതെ തലശ്ശേരി നഗരസഭാ ചെയർമാനും തഹസിൽദാർക്കും ഡിവൈ.എസ്.പിക്കും ഇതോടൊപ്പം നിവേദനം നൽകി.