തൃക്കരിപ്പൂർ: കൊവിഡ് സമ്പർക്ക വ്യാപനം ക്രമാതീതമായി തുടരുന്ന തൃക്കരിപ്പൂർ പഞ്ചായത്തിൽ ഇന്നു മുതൽ ഒരാഴ്ചക്കാലത്തേക്ക് സമ്പൂർണ്ണ ലോക് ഡൗൺ. പഞ്ചായത്ത് പരിധിയിൽ രണ്ടു കൊവിഡ് മരണം റിപ്പോർട്ടു ചെയ്തതോടെയാണ് പഞ്ചായത്ത് പൂർണ്ണമായും അടച്ചിടാൻ തീരുമാനിച്ചത്. ഇന്നലെ രാവിലെ തൃക്കരിപ്പൂർ ഗ്രാമപഞ്ചായത്ത് കാര്യാലയത്തിൽ ആരോഗ്യ പ്രവർത്തകരുടെയും പൊലീസിന്റെയും സാന്നിദ്ധ്യത്തിൽ നടന്ന സർവ്വകക്ഷി യോഗമാണ് കർശനമായ നടപടികൾക്ക് ശുപാർശ നൽകിയത്.
ചുരുങ്ങിയ ദിവസങ്ങൾക്കുള്ളിൽ നാല്പതോളം സമ്പർക്ക രോഗികളാണ് പഞ്ചായത്ത് പരിധിയിൽ റിപ്പോർട്ട് ചെയ്യപ്പെട്ടത്.പഞ്ചായത്തിന്റെ ആകെയുള്ള 21 വാർഡുകളിൽ 10 വാർഡുകൾ കണ്ടെയ്ൻമെന്റ് സോണുകളായി പ്രഖ്യാപിച്ചിരുന്നു. കൈക്കോട്ടുകടവ്, ഉടുമ്പുന്തല എന്നിവിടങ്ങളിലാണ് മരണങ്ങൾ സംഭവിച്ചത്.കൂടാതെ കഴിഞ്ഞ ദിവസം തങ്കയത്തെ ഒരു ആരോഗ്യ പ്രവർത്തകയ്ക്കും രോഗം സ്ഥിരീകരിച്ചിരുന്നു.
കൊവിഡ് റിപ്പോർട്ട് ചെയ്യപ്പെട്ട ആദ്യ 100 ദിനങ്ങളിൽ തൃക്കരിപ്പൂർ പഞ്ചായത്തിൽ ഒരു കേസ് പോലും റിപ്പോർട്ട് ചെയ്യപ്പെട്ടിരുന്നില്ല. തുടർന്നുള്ള ദിവസങ്ങളിൽ അന്യദേശങ്ങളിൽ നിന്നുമെത്തിയവരിൽ നിന്നുമാണ് ആദ്യം പഞ്ചായത്തിൽ കൊവിഡ് പോസിറ്റീവ് റിപ്പോർട്ട് ചെയ്യപ്പെട്ടത്.
ഇന്നലെ നടന്ന സർവ്വകക്ഷി തീരുമാനപ്രകാരം തങ്കയം മുക്ക് മുതൽ ബീരിച്ചേരി ഗേറ്റ് വരെ ഒരാഴ്ചക്കാലം
ഒരു കടയും തുറക്കരുത്. ഇരുചക്രവാഹനങ്ങളടക്കം സ്വകാര്യ വാഹനങ്ങൾ റോഡിൽ ഇറങ്ങരുത്. ഗ്രാമീണ മേഖലയിൽ ചൊവ്വ, വ്യാഴം, ശനി ദിവസങ്ങളിൽ ആവശ്യ സാധനങ്ങൾ വില്പന നടത്താൻ അനുമതിയുണ്ട്. കല്യാണം, മറ്റ് ആഘോഷ പരിപാടികൾ എന്നിവ 14 ദിവസത്തേക്ക് പാടില്ല. യോഗത്തിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ.ജി.സി.ബഷീർ അദ്ധ്യക്ഷത വഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് വി.പി. ഫൗസിയ, ചന്തേര എസ്.എച്ച്.ഒ. നിസാം, രാഷ്ട്രീയ പാർട്ടി പ്രതിനിധികളായ എം. രാമചന്ദ്രൻ, ഇ.വി. ഗണേശൻ, സത്താർ വടക്കുമ്പാട്, കെ.വി. മുകുന്ദൻ, കെ.രാജൻ തുടങ്ങിയവർ പങ്കെടുത്തു.