പട്ടുവം: ആരോഗ്യ പ്രവർത്തകയ്ക്ക് കൊവിഡ് സ്ഥിരീകരിച്ചതോടെ അടച്ചിട്ട മുള്ളൂലിലെ പ്രധാന റോഡ് തുറന്നു. കൊവിഡ് ആശങ്കകൾ കുറഞ്ഞതോടെയാണ് പൊലീസ് നടപടി. എന്നാൽ പ്രദേശത്തെ റേഷൻ കടയുടമ ക്വാറന്റൈനിൽ കഴിയുന്നതിനാൽ റേഷൻകട പൂട്ടിക്കിടക്കുകയാണ്. ഇയാളുടെ കൊവിഡ് പരിശോധന ഫലം നെഗറ്റീവ് ആണെങ്കിലും ക്വാറന്റൈൻ കാലാവധി അവസാനിച്ചിട്ടില്ല.
മുൻഗണനാ വിഭാഗത്തിലുള്ളവർക്ക് കേന്ദ്ര സർക്കാർ അനുവദിച്ച സൗജന്യ അരി പലരും വാങ്ങാൻ ബാക്കിയുണ്ടെന്നാണ് പറയുന്നത്. അരി നഷ്ടപ്പെടുമോയെന്ന ആശങ്കയിലാണ് കാർഡ് ഉടമകൾ.
അതേസമയം സമീപ പഞ്ചായത്തായ ഏഴോത്ത് ഇന്നലെ ഞായറാഴ്ച ലോക്ക് ഡൗൺ നടപ്പാക്കി. കൊട്ടില പുഴയിൽ കക്ക വാരാൻ അന്യപ്രദേശത്തുനിന്നുള്ള നിരവധി പേരെത്തുന്നുവെന്ന് പരാതിയുണ്ട്. യാതൊരു സാമൂഹിക അകലവും പാലിക്കാതെയാണ് ഇവിടെ ആളുകൾ പുഴയിലിറങ്ങുന്നത്.