കണ്ണൂർ: പനി, തൊണ്ടവേദന തുടങ്ങിയ കൊവിഡ് ലക്ഷണങ്ങൾ ആശുപത്രിയിൽ വരാതെ മറച്ച് വെക്കുന്നവർക്കെതിരെ ആരോഗ്യ വകുപ്പ് നടപടി തുടങ്ങി. പനിയും മറ്റ് ലക്ഷണങ്ങളുമുള്ളത് ആരോഗ്യവകുപ്പിനെ അറിയിക്കാതെ മെഡിക്കൽ ഷോപ്പുകളിൽ നിന്ന് മരുന്ന് വാങ്ങുന്നത് ശ്രദ്ധയിൽപെട്ടതോടെയാണ് നടപടി. ഡോക്ടറുടെ കുറിപ്പില്ലാതെ ഇത്തരം മരുന്നുകൾ നൽകരുതെന്ന ഉത്തരവുണ്ടെങ്കിലും പല മെഡിക്കൽ ഷോപ്പുകളും ഇത് പാലിക്കുന്നില്ല.
രോഗവ്യാപന സാദ്ധ്യതയുള്ള സ്ഥലങ്ങളിൽ പാരാസെറ്റമോൾ വാങ്ങിയവരെ കണ്ടെത്തി ആന്റിജെൻ പരിശോധന നടത്താനാണ് ആരോഗ്യ വകുപ്പിന്റെ തീരുമാനം. രോഗികളുടെ സമ്പർക്ക പട്ടികയിലുള്ളവർ, സമൂഹത്തിലെ വിവിധ മേഖലകളിൽ തൊഴിൽ ചെയ്യുന്നവർ എന്നിവരെയാണ് ആന്റിജൻ പരിശോധനയിൽ ഉൾപ്പെടുത്തുന്നത്. ഇവർക്കൊപ്പം പനി വിവരം മറച്ച് വെക്കുന്നവരെയും ഉൾപ്പെടുത്തി പരിശോധന വ്യാപിപ്പിക്കാനാണ് തീരുമാനം.