തൃക്കരിപ്പൂർ: പഞ്ചായത്തിലെ നടക്കാവ് വയോജന വിശ്രമ കേന്ദ്രത്തിന്റെ നിർമ്മാണത്തിൽ അപാകത ചൂണ്ടിക്കാട്ടി നാട്ടുകാർ രംഗത്ത്. നേരത്തെ തീരുമാനിച്ച സ്ഥലത്തു നിന്നും കെട്ടിട നിർമ്മാണം മറ്റൊരിടത്തേക്ക് മാറ്റിയതിനെതിരെയാണ് ആക്ഷേപം. സ്വകാര്യ വ്യക്തിയുടെ ഇടപെടൽമൂലമാണ് ഏറെ സൗകര്യവും അനുയോജ്യവുമായ നിർദ്ദിഷ്ട സ്ഥലത്തുനിന്നും മാറ്റി വിശ്രമകേന്ദ്രം സ്ഥാപിക്കുന്നതെന്നാണ് നാട്ടുകാർ പരാതിപ്പെടുന്നത്.

പഞ്ചായത്ത് തനതുഫണ്ടിൽ ഉൾപ്പെടുത്തിയാണ് നടക്കാവ് കേന്ദ്രീകരിച്ച് വയോജന വിശ്രമ കേന്ദ്രത്തിന് അനുമതി നൽകിയത്. രണ്ട് ലക്ഷം രൂപയാണ് പദ്ധതി ചെലവ്. ഇതിനായി പഞ്ചായത്ത് ഭരണസമിതിയും അസിസ്റ്റന്റ് എഞ്ചിനീയറും സ്ഥലം കണ്ടെത്തി പ്ലാനും എസ്റ്റിമേറ്റും അംഗീകരിക്കുയും ചെയ്തിരുന്നു. തൃക്കരിപ്പൂർ കാലിക്കടവ് റോഡിൽ പഞ്ചായത്തിന്റെ പഴയ ചന്ത കെട്ടിടത്തിന് തെക്കുഭാഗത്തായി ഏഴു മീറ്ററോളം ഇന്റർലോക്ക് ചെയ്ത നടപ്പാത അടക്കം നിർമ്മിച്ചു കൊണ്ടുള്ള എസ്റ്റിമേറ്റാണ് വിശ്രമകേന്ദ്രത്തിനായി തയ്യാറാക്കിയിരുന്നത്.

എന്നാൽ ഇടപെടൽമൂലം നിർദ്ദിഷ്ട സ്ഥലത്തുനിന്നും കെട്ടിട നിർമാണം മാറ്റി പകരം പഞ്ചായത്ത് കെട്ടിടത്തിന് പിറകിലുള്ള മാലിന്യ ടാങ്കിന് സമീപത്തായി നിർമാണം ആരംഭിക്കുകയും ചെയ്തുവെന്നാണ് ആക്ഷേപം. ഇതാകട്ടെ ആഴ്ചച്ചന്ത വിപുലീകരിക്കുന്നതിനുവേണ്ടി പഞ്ചായത്ത് ഭരണസമതി കണ്ടെത്തിയ സ്ഥലവുമാണ്. ഒറ്റമുറി മാത്രമുള്ള ഈ വിശ്രമകേന്ദ്രം വയോജനങ്ങൾക്ക് ഉപകാരപ്പെടാത്ത രീതിയിലാണെന്നും നാട്ടുകാർ പഞ്ചായത്തിന്

നല്കിയ പരാതിയിൽ ആരോപിച്ചു.


.