കണ്ണൂർ: കൊവിഡ് ഭീതിയിൽ സ്വിമ്മിംഗ് പൂളുകൾ അടച്ചിട്ടതിനെ തുടർന്ന് പ്ലസ് വൺ പ്രവേശനത്തിന് നീന്തൽ താരങ്ങളായ വിദ്യാർത്ഥികൾക്ക് ലഭിക്കേണ്ട ബോണസ് മാർക്കിനുള്ള സർട്ടിഫിക്കറ്റ് വിതരണം അവതാളത്തിൽ. സ്‌പോർട്സ് കൗൺസിൽ സർട്ടിഫിക്കറ്റ് നൽകിയാൽ മാത്രമേ ഈ ആനുകൂല്യം ലഭിക്കുകയുള്ളു. പക്ഷെ നീന്തലിൽ കഴിവ് തെളിയിക്കാതെ എങ്ങനെ സർട്ടിഫിക്കറ്റ് നൽകുമെന്നതാണ് ഇപ്പോഴത്തെ പ്രശ്നം.
തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾക്ക് കീഴിലുള്ള സ്‌പോർട്സ് കൗൺസിൽ കമ്മിറ്റിക്കാണ് ഈ സർട്ടിഫിക്കറ്റ് നൽകാൻ അധികാരം. എന്നാൽ ഒട്ടുമിക്ക തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലും ഈ കമ്മിറ്റി പ്രവർത്തിക്കുന്നില്ല. ഇത് ബോധ്യം വന്നതിനെ തുടർന്ന് സർട്ടിഫിക്കറ്റ് നൽകുന്നതിനുള്ള ചുമതല ജില്ലാ സ്‌പോർട്സ് കൗൺസിലുകൾക്ക് നൽകുകയായിരുന്നു. കഴിഞ്ഞ തവണയും സ്‌പോർട്സ് കൗൺസിലാണ് സർട്ടിഫിക്കറ്റ് നൽകിയിരുന്നത്. സ്‌പോർട്സ് കൗൺസിലിന് കീഴിൽ എല്ലാ ജില്ലകളിലും സ്വിമ്മിംഗ് പൂളുകൾ ഇല്ലെന്നത് പ്രതിസന്ധി സൃഷ്ടിച്ചു. പല കുട്ടികൾക്കും ഇതുമൂലം സർട്ടിഫിക്കറ്റ് ലഭിച്ചില്ല.
ഇക്കുറി കൊവിഡ് വ്യാപനത്തെ തുടർന്ന് സ്വിമ്മിംഗ് പൂളുകൾ അടച്ചിട്ടിരിക്കുകയാണ്. അതിനാൽ പ്ലസ് വൺ അപേക്ഷയോടൊപ്പം നൽകേണ്ടിയിരുന്ന നീന്തൽ അറിയാമെന്നുള്ള സർട്ടിഫിക്കറ്റ് നൽകാൻ കഴിയില്ല. നീന്തൽ അറിയാവുന്ന വിദ്യാർത്ഥികൾക്ക് ലഭിക്കേണ്ട രണ്ട് പോയിന്റ് നഷ്ടപ്പെടുന്ന സാഹചര്യമാണ് നിലവിലുള്ളത്. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ സെക്രട്ടറിമാർ വഴി സർട്ടിഫിക്കറ്റ് നൽകണമെന്ന നിർദ്ദേശവും ഇതിനിടയിൽ ഉയർന്നുവന്നിട്ടുണ്ട്.
നിവേദനം നൽകി
പ്ലസ്‌വൺ പ്രവേശനത്തിന് അപേക്ഷ നൽകുന്ന വിദ്യാർത്ഥികൾക്ക് അർഹമായ ബോണസ് പോയിന്റ് ലഭ്യമാക്കുന്നതിന് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്ക് അനുമതി നൽകണമെന്നാവശ്യപ്പെട്ട് കെ.പി.എസ്.ടി.എ സംസ്ഥാന സെക്രട്ടറി രമേശൻ വകുപ്പ് മന്ത്രിക്കും മനുഷ്യാവകാശ കമ്മിഷനും നിവേദനം നൽകിയിട്ടുണ്ട്.