ചെറുവത്തൂർ: നീണ്ടകാലത്തെ നിരോധനങ്ങൾക്കും നിയന്ത്രണങ്ങൾക്കും ശേഷം നാളെ മുതൽ കടലിൽ ട്രോളിംഗ് പുനരാരംഭിക്കും. നല്ല മഴ ലഭിക്കുന്ന കാലാവസ്ഥയ്ക്ക് തന്നെയാണ് മത്സ്യ ബന്ധനത്തിനുള്ള നിയന്ത്രണങ്ങൾ നീങ്ങിയിട്ടുള്ളതെന്നത് ഏറെ പ്രതീക്ഷയിലാണ് തീരദേശം.
നിരോധനം ബാധകമല്ലാത്ത പരമ്പരാഗത വള്ളങ്ങൾക്ക് ഈ കാലയളവിൽ ചെമ്മീൻ കോള് ലഭിച്ചത് മത്സ്യതൊഴിലാളികളുടെ പ്രതീക്ഷ വർദ്ധിപ്പിച്ചിട്ടുണ്ട്. മഴ കനക്കുന്നതോടെ രൂപപ്പെടുന്ന ചേറും ചെളിയും ചാകര പ്രത്യക്ഷപ്പെടാനുള്ള സാഹചര്യമൊരുക്കുമെന്നതിനാൽ ഇത്രയും കാലത്തെ മത്സ്യബന്ധന മേഖലയിലെ വറുതിക്ക് അറുതി വരുമെന്ന് പ്രത്യാശയിലാണ് തൊഴിലാളികൾ . കഴിഞ്ഞ ജൂൺ 9 ന് അർദ്ധരാത്രി മുതൽ ജൂലായ് 31 വരെയായി 52 ദിവസമാണ് ട്രോളിംഗ് നിരോധനം ഏർപ്പെടുത്തിയിരുന്നത്.
എന്നാൽ കൊവിഡ് സമ്പർക്ക വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ അഞ്ചാം തീയ്യതി വരെ നിരോധനം നീട്ടുകയായിരുന്നു. നിരോധനം നീക്കാൻ തീരുമാനിച്ചതോടെ മടക്കര കേന്ദ്രീകരിച്ച് മത്സ്യ ബന്ധനം നടത്തുന്ന യാനങ്ങൾ ഒരുക്കിക്കൊണ്ട് കടലിൽ പോകാൻ തയ്യാറായിയിരിക്കയാണ് ബോട്ട് തൊഴിലാളികൾ .അതോടൊപ്പം അടച്ചിട്ട മത്സ്യ മാർക്കറ്റുകളും ഉണരും. മത്സ്യ ബന്ധനം, വ്യാപാരം, വിൽപ്പന തുടങ്ങി അനുബന്ധ മേഖലയിലെ ആയിരക്കണക്കിന് തൊഴിലാളികളുടെ ഉപജീവനത്തിന്റെ വാതിലാണ് അഞ്ചാം തീയ്യതിയോടെ തുറന്നിടുന്നത്. എന്നാൽ ഹാർബറിലെയും ,വിൽപ്പന കേന്ദ്രങ്ങളിലെയും, മാസ്ക് ധരിക്കാതെയും, സാമൂഹ്യ അകലം പാലിക്കാതെയുമുള്ള നിയന്ത്രണാതീതമായ രീതിയിലുള്ള ഇടപെടലുകൾ കർശനമായി നിയന്ത്രിക്കും.പാലിക്കാത്തവർക്കെതിരെ നിയമ നടപടികൾ സ്വകരിക്കുമെന്നും അധികൃതർ വ്യക്തമാക്കി.