മാതമംഗലം: അന്യമായിക്കൊണ്ടിരിക്കുന്ന പരമ്പരാഗത നെൽവിത്തുകളെ അവയുടെ തനിമ ചോരാതെ നാളേക്ക് കാത്തുവച്ച് പുതുതലമുറയ്ക്ക് വേറിട്ട കൃഷിപാഠം പകർന്നു നൽകുകയാണ് കടന്നപ്പള്ളി പാണപ്പുഴ ഗ്രാമ പഞ്ചായത്ത്. രാജ പരമ്പരകളുടെ ആരോഗ്യവും യൗവനവും കാത്തു സൂക്ഷിച്ചിരുന്ന, കാൻസറിനെ പോലും ചെറുക്കാൻ ശേഷിയുള്ള രക്തശാലി, ഒരാൾ പൊക്കത്തിൽ തലയുയർത്തി നിൽക്കുന്ന കവുങ്ങിൻ പൂത്താല, ചന്ദന മണമുള്ള ഗന്ധകശാല, പോഷക സമ്പുഷ്ടമായ തൊണ്ണൂറാൻ... ഇങ്ങനെ പഴമക്കാരിൽ നിന്നും കേട്ടറിവുമാത്രമുള്ള അത്യപൂർവങ്ങളായ നാൽപതോളം പൈതൃക നെൽവിത്തുകളുടെ കലവറ ഒരുക്കുകയാണ് ഈ ഗ്രാമം.
പരമ്പരാഗത നെൽവിത്തുകളെ കാത്തു സൂക്ഷിക്കുന്ന പൈതൃക നെൽവിത്ത് സംരക്ഷണ പദ്ധതി ജില്ലയിൽ ആദ്യമായി നടപ്പിലാക്കുന്ന പഞ്ചായത്ത് കൂടിയാണ് കടന്നപ്പള്ളി പാണപ്പുഴ.
പഞ്ചായത്തിലെ എട്ടു പാടശേഖരങ്ങളിലായാണ് നാടൻ നെൽ വിത്തുകൾ കൃഷിചെയ്തത്. ആദ്യ ഘട്ടത്തിൽ തിരഞ്ഞെടുക്കപ്പെട്ട അൻപതു കർഷകരായിരുന്നു കൃഷിക്കിറങ്ങിയത്. അഞ്ചു സെന്റ് വീതം ഭൂമിയിൽ വേറിട്ട നെല്ലിനങ്ങൾ പരീക്ഷണാടിസ്ഥാനത്തിൽ കൃഷി ചെയ്യുകയായിരുന്നു. കാലാവസ്ഥാ മാറ്റത്തെ അതിജീവിക്കാനും കീടങ്ങളെ ചെറുക്കാനുമുള്ള പ്രതിരോധശേഷി പാരമ്പര്യ നെൽവിത്തുകൾക്കുണ്ട്.
കയമയും ചെങ്കയമയും ഞവരയും മല്ലികുറുമയും കുട്ടാടനുമൊക്കെ കതിരിട്ട് നൂറുമേനിയാണ് ആദ്യഘട്ടത്തിൽ കർഷകർക്കു ലഭിച്ചത്. നൂറ്റമ്പതോളം കർഷകരിലേക്കു വ്യാപിപ്പിച്ചു കൊണ്ട് രണ്ടാം വിളക്കൊരുങ്ങുകയാണ് പഞ്ചായത്ത്.
90 മുതൽ 140 ദിവസം വരെ
സംസ്ഥാന കാർഷിക വികസന കർഷക ക്ഷേമ വകുപ്പ്, കേരള കാർഷിക സർവകലാശാല എന്നിവയുമായി ചേർന്നാണ് പഞ്ചായത്ത് പദ്ധതി നടപ്പാക്കുന്നത്. കാർഷിക സർവകലാശാലയാണ് സൗജന്യമായി വിത്തുകൾ നൽകിയത്. ഇതിനൊപ്പം കോഴിക്കോട്, വയനാട്, കാസർകോട് ജില്ലകളിൽ നിന്നും വയനാട്ടിലെ ആദിവാസികളിൽ നിന്നും അമ്പലവയൽ, പട്ടാമ്പി നെല്ല് ഗവേഷണ കേന്ദ്രം എന്നിവിടങ്ങളിൽ നിന്നുമാണ് വിത്തുകൾ ശേഖരിച്ചത്. കൃഷി ഓഫീസർ വി. ജിതിനിന്റെ നേതൃത്വത്തിൽ കർഷകർക്കു വേണ്ട ശാസ്ത്രീയ നിർദേശങ്ങൾ നൽകി വരുന്നുണ്ട്. 90 മുതൽ 140 ദിവസം വരെയാണ് വിളവെടുപ്പിന് വേണ്ടിവരുന്നത്.
ബൈറ്റ്
കൂടുതൽ കർഷകരിലേക്ക് പൈതൃക നെല്ലിനങ്ങളുടെ പ്രചാരം നടത്തുകയും വിദ്യാർത്ഥികൾക്കിടയിൽ ജൈവ ജനിതക വൈവിധ്യ സംരക്ഷണത്തിന്റെ പ്രാധാന്യം എത്തിക്കുകയുമാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. കാർഷിക ഗ്രാമമായ കടന്നപ്പള്ളിയിൽ യുവതലമുറയും ഈ രംഗത്തേക്ക് ആവേശത്തോടെ കടന്നുവരുന്നുണ്ട്-
ഇ.പി. ബാലകൃഷ്ണൻ, പ്രസിഡന്റ്,
കടന്നപ്പള്ളി പാണപ്പുുഴ പഞ്ചായത്ത്