കണ്ണൂർ: ആർദ്രം മിഷനിൽ ഉൾപ്പെടുത്തി പ്രാഥമിക ആരോഗ്യകേന്ദ്രങ്ങളെ കുടുംബാരോഗ്യ കേന്ദ്രങ്ങളാക്കി ഉയർത്തുന്ന പദ്ധതിയുടെ മൂന്നാം ഘട്ടത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം ഓൺലൈനായി മുഖ്യമന്ത്രി പിണറായി വിജയൻ നിർവ്വഹിച്ചു. കൊവിഡ് പ്രതിരോധ ജാഗ്രതയിൽ ചിലയിടങ്ങളിൽ സംഭവിച്ച വിട്ടുവീഴ്ചയും അലംഭാവവുമാണ് കേരളത്തിൽ ഇന്ന് കാണുന്ന രീതിയിൽ രോഗം പടരാൻ കാരണമായതെന്ന് മുഖ്യമന്ത്രി പറഞ്ഞു. ക്വാറന്റൈൻ നിയന്ത്രണങ്ങൾ കൃത്യമായി പിന്തുടരുക, സാമൂഹിക അകലം പാലിക്കുക എന്നിവ രോഗ പ്രതിരോധ പ്രവർത്തനത്തിൽ ഏറെ സഹായകമാണ്. എന്നാൽ കുറച്ചു കഴിഞ്ഞപ്പോൾ ഇക്കാര്യത്തിൽ വിട്ടുവീഴ്ചയും അലംഭാവവും ഉണ്ടായി. ഇക്കാര്യത്തിൽ കർശന നിലപാട് സ്വീകരിക്കേണ്ടതുണ്ടെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി.
ചടങ്ങിൽ ആരോഗ്യമന്ത്രി കെ.കെ ശൈലജ അദ്ധ്യക്ഷത വഹിച്ചു. ജില്ലയിലെ പുളിങ്ങോം, എരമം കുറ്റൂർ, കുഞ്ഞിമംഗലം, ഉദയഗിരി, ചിറക്കൽ, എളയാവൂർ, കൂടാളി, അഞ്ചരക്കണ്ടി എന്നീ എട്ട് പ്രാഥമികാരോഗ്യ കേന്ദ്രങ്ങളെയാണ് കുടുംബാരോഗ്യ കേന്ദ്രങ്ങളാക്കി നവീകരിച്ചത്. കണ്ണൂർ കളക്ടറേറ്റ് വീഡിയോ കോൺഫറൻസ് ഹാളിൽ നടന്ന ചടങ്ങിൽ മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി പങ്കെടുത്തു. എട്ട് പ്രാഥമികാരോഗ്യ കേന്ദ്രങ്ങളെ കുടുംബാരോഗ്യ കേന്ദ്രങ്ങളാക്കി നവീകരിച്ചതോടെ 51 കുടുംബോരോഗ്യ കേന്ദ്രങ്ങളാണ് ജില്ലയിലുള്ളത്. കുഞ്ഞിമംഗലത്ത് നടന്ന പരിപാടിയിൽ ടി.വി രാജേഷ് എം.എൽ.എ പങ്കെടുത്തു.