തൃക്കരിപ്പൂർ: വലിയപറമ്പ് പഞ്ചായത്തിലെ മാടക്കാൽ ആയുർവ്വേദ ആശുപത്രി, തൃക്കരിപ്പൂരിലെ കൊയോങ്കര ആയുർവ്വേദ ആശുപത്രി എന്നിവ ഒരാഴ്ചക്കാലം അടച്ചിട്ടു. മാടക്കാലിലെ ആയുർവേദ ഡിസ്പെൻസറിയിലെ ജീവനക്കാരന് കൊവിഡ് പോസിറ്റീവ് സ്ഥിരീകരിച്ച സാഹചര്യത്തിലാണ് ഇന്നലെ മുതൽ ഒരാഴ്ചക്കാലം ഡിസ്പെൻസറി അടച്ചിടാൻ തീരുമാനിച്ചത്. കഴിഞ്ഞ ഒന്നിനാണ് കൊവിഡ് സ്ഥിരീകരിച്ച ജീവനക്കാരൻ സ്ഥലമാറ്റം മുഖേന ഇവിടെ ജോലിയിൽ പ്രവേശിച്ചത്. രാവിലെ 9 മണി മുതൽ 9:45 വരെ മാത്രമാണ് ഇദ്ദേഹം ആശുപത്രിയിൽ ഉണ്ടായിരുന്നത് .അതുകൊണ്ട് ആഗസ്റ്റ് 1 ,2 തീയ്യതികളിൽ മാടക്കാലിലെ ആയുർവ്വേദ ആശുപത്രിയിൽ പോയവർ രണ്ടാഴ്ചക്കാലം ക്വാറന്റൈൻ ചെയ്യണമെന്ന് വലിയപറമ്പ് ആയുർവേദ മെഡിക്കൽ ഓഫീസർ അറിയിച്ചു.

ഇതേ ജീവനക്കാരൻ കൊയോങ്കര ആയുർവ്വേദ ആശുപത്രിയിലും ഡ്യൂട്ടിയിൽ ഉണ്ടായിരുന്നു. ഈ കാരണത്താലാണ് കൊയങ്കര ആശുപത്രിയും അടച്ചിടുന്നത്. ഈ ആശുപത്രികളിലെ ജീവനക്കാർ വീടുകളിൽ നിരീക്ഷണത്തിൽ കഴിയണം. ഫയർഫോഴ്സ് ഉദ്യോഗസ്ഥർ എത്തി ആശുപത്രി അണുവിമുക്തമാക്കി. കൊവിഡ് സ്ഥിരീകരിച്ച ജീവനക്കാരൻ ഒരു മാസക്കാലമായി കാസർകോട് റെയിൽവേ സ്റ്റേഷനിൽ കൊവിഡ് ഡ്യൂട്ടിയിലായിരുന്നു.