കണ്ണൂർ: പയ്യാമ്പലം ശ്മശാനത്തിൽ സംസ്‌കരിക്കാൻ കൊണ്ടുവന്ന കൊവിഡ് രോഗിയുടെ മൃതദേഹം പൂർണമായി കത്താതെ ഉപേക്ഷിച്ച് പോയത് ആശങ്കയ്ക്കിടയാക്കി. ഇതേതുടർന്ന് ശ്മശാനം അടച്ചിട്ടു.
ഞായറാഴ്ച്ച വൈകീട്ടോടെയാണ് ചക്കരക്കൽ പൊലീസ് സ്‌റ്റേഷൻ പരിധിയിൽ കൊവിഡ് ബാധിച്ച് മരിച്ച യുവാവിന്റെ മൃതദേഹം ആരോഗ്യവകുപ്പ് അധികൃതരും ഏതാനും ബന്ധുക്കളും ചേർന്ന് ഇവിടെ സംസ്‌കരിക്കാൻ കൊണ്ടുവന്നത്. എന്നാൽ മൃതദേഹം ഭാഗികമായി കത്തിയപ്പോൾ തന്നെ ഇവർ തിരിച്ചുപോയത്രെ. പാതി കത്തിയ മൃതദേഹം ഇന്നലെ രാവിലെ ബന്ധുക്കൾ എത്തി പൂർണമായും കത്തിക്കുകയും ചെയ്തു. യാതൊരു കൊവിഡ് സുരക്ഷാ മാനദണ്ഡവും പാലിക്കാതെയാണ് ചടങ്ങുകൾ നടത്തിയെതെന്നാണ് ആരോപണം.
അതേ സമയം ഇതൊന്നുമറിയാതെ ഇന്നലെ രാവിലെ കണ്ണൂർ നഗരത്തിന്റെ പരിസരത്ത് നിന്നെത്തിച്ച മൃതദേഹങ്ങൾ പയ്യാമ്പലത്ത് സംസ്‌കരിക്കുകയും ചെയ്തു. ജീവനക്കാരെത്താത്തതിനെ തുടർന്ന് ബന്ധുക്കളാണ് സംസ്കാരചടങ്ങുകൾ നടത്തിയത്. നേരത്തെ സംസ്‌കരിച്ചവരുടെ മരണാനന്തരചടങ്ങുകൾക്കായും ഏതാനും പേർ ഇവിടെ എത്തിയിരുന്നു. സംഭവമറിഞ്ഞതോടെ പരിസരവാസികളും നാട്ടുകാരും ഏറെ പരിഭ്രമത്തിലാണ്. സംസ്‌കാരജോലിയിൽ പങ്കെടുക്കില്ലെന്ന ഉറച്ച തീരുമാനത്തിലാണ് ശ്മശാനത്തിലെ തൊഴിലാളികൾ.
കോർപ്പറേഷന്റേത് അനാവശ്യ ആശങ്കയെന്ന്
കൊവിഡ് രോഗിയുടെ മൃതദേഹം സംസ്കരിച്ചതുമായി ബന്ധപ്പെട്ട് കോർപ്പറേഷൻ പുലർത്തുന്നത് അനാവശ്യ ആശങ്കയാണെന്ന് കൗൺസിലർ അടക്കമുള്ളവർ പറയുന്നു. മൃതദേഹം പൂർണ്ണമായി കത്തിയിട്ടുണ്ടെന്നും മരക്കുറ്റികൾ മാത്രമാണ് കത്തി തീരാഞ്ഞതെന്നും ഇതിനു ശേഷം മറ്റൊരു മൃതദേഹം ദഹിപ്പിക്കാൻ പോയ കൗൺസിലർ ഉൾപ്പെടെയുള്ളവർ പറയുന്നത്. ഔദ്യോഗിക അറിയിപ്പ് പോലും ഇല്ലാതെ ശ്മശാനത്തിൽ ജീവനക്കാർ എത്താത്തത് വലിയ വീഴ്ച്ചയാണെന്നും ആക്ഷേപം ഉയർന്നിട്ടുണ്ട്.