ആലക്കോട്: പതിറ്റാണ്ടുകളുടെ മുറവിളികൾക്കൊടുവിൽ ചാണോക്കുണ്ട് പാലം യാഥാർത്ഥ്യമായപ്പോൾ പാലത്തിനോടു ചേർന്നുള്ള ടൗണിലെ ഇരുപതോളം വ്യാപാരസ്ഥാപനങ്ങൾ ദുരിതക്കയത്തിൽ. തളിപ്പറമ്പ് -ആലക്കോട് പാതയിൽ കാലപ്പഴക്കത്തെ തുടർന്ന് തകർച്ചാഭീഷണി നേരിടുന്ന മൂന്നു പാലങ്ങളാണുണ്ടായിരുന്നത്. ഇതിൽ ആലക്കോട്, കരുവൻചാൽ എന്നിവിടങ്ങളിലെ പാലങ്ങൾ ഇരിക്കൂർ നിയോജക മണ്ഡലത്തിൽപ്പെട്ടതും ചാണോക്കുണ്ട് പാലം തളിപ്പറമ്പ് നിയോജക മണ്ഡലത്തിലുമാണ്.
നാലുമാസം കൊണ്ട് റെക്കാർഡ് വേഗത്തിലാണ് നിലവിലുണ്ടായിരുന്ന പാലം പൊളിച്ചുനീക്കി പുതിയത് നിർമ്മിച്ചത്. പുതിയ പാലത്തിലേയ്ക്കുള്ള അപ്രോച്ച് റോഡ് നിലവിലുണ്ടായിരുന്ന റോഡിനേക്കാൾ പത്തടിയോളം ഉയരത്തിലായതോടെയാണ് റോഡിനിരുവശങ്ങളിലുമുള്ള വ്യാപാരസ്ഥാപനങ്ങൾ വളരെ താഴ്ചയിലായത്. റേഷൻ സാധനങ്ങൾ വാങ്ങാൻ പോലും ആളുകൾക്ക് വളരെ ദുരിതം പേറേണ്ടിവരുന്നു.
റോഡ് മണ്ണിട്ട് ഉയർത്തിയതല്ലാതെ സംരക്ഷണ ഭിത്തി നിർമ്മിക്കാത്തതിനാൽ കാലവർഷത്തിൽ ഒഴുകിയെത്തുന്ന മണ്ണും ചെളിവെള്ളവും കടകൾക്കുള്ളിൽ വരെ എത്തുന്നതിനാൽ വ്യാപാരസ്ഥാപനങ്ങൾ അടച്ചിടേണ്ട അവസ്ഥയിലാണ്.
മഴയ്ക്ക് ശേഷം എല്ലാം ശരിയാകുമോ?
മഴ മാറിയശേഷം റോഡിന്റെ ബാക്കി പണികൾ പൂർത്തിയാക്കാമെന്ന നിലപാടിലാണ് പൊതുമരാമത്ത് വകുപ്പ്. പാലം യാഥാർത്ഥ്യമായി വാഹനങ്ങൾ ചീറിപ്പായുമ്പോൾ പാലം നിർമ്മാണത്തിനുവേണ്ടി ശബ്ദമുയർത്തിയ വ്യാപാരികൾ തങ്ങൾക്കുണ്ടായ ദുരിതത്തിൽ നിരാശയിലാണ്.