കാസർകോട് : പൈവളികെ കനിയാലയിൽ അമ്മയുടെ നാല് സഹോദരങ്ങളെ യുവാവ് കൈ മഴു കൊണ്ട് വെട്ടിക്കൊന്നു. യുവാവിന്റെ മാതാവ് ഓടിമാറിയതിനാൽ രക്ഷപ്പെട്ടു. ഇന്നലെ സന്ധ്യക്ക് 6.45 മണിയോടെയാണ് നാടിനെ നടുക്കിയ കൊലപാതകം നടന്നത്. കർണ്ണാടക അതിർത്തിയിലെ കനിയാല സുദംമ്പള എന്ന സ്ഥലത്ത് താമസിക്കുന്ന വിട്ട്‌ള (60), ബാബു (52), സദാശിവ (55), ദേവകി (55)എന്നിവരാണ് ദാരുണമായി കൊലചെയ്യപ്പെട്ടത്. കൊലപാതകം നടത്തിയ ഉദയകുമാറിനെ(42) നാട്ടുകാർ പിടികൂടി പൊലീസിന് കൈമാറി. ഈയാൾ ഏറെക്കാലമായി മാനസിക അസ്വാസ്ഥ്യത്തിന് ചികിത്സയിൽ കഴിയുകയാണെന്ന് പൊലീസ് പറഞ്ഞു.
കൊല്ലപ്പെട്ട നാല് പേരും ഉദയനും കൂലിപ്പണിക്കാരാണ്. കൊവിഡ് കാരണം കൂലിപ്പണി കുറഞ്ഞതിനാൽ വീട്ടിൽ കഷ്ടപ്പാടായിരുന്നു. ഇയാൾക്കുള്ള മരുന്നും മുടങ്ങി. ആറു പേരും ഒരു വീട്ടിൽ താമസിക്കുന്നവരാണ്.
ഇന്നലെ പെട്ടെന്ന് പ്രകോപനമുണ്ടായി കൈമഴുവുമായി അലറി വിളിച്ച് വീട്ടിലേക്ക് ഓടിക്കയറിയ ഇയാൾ ഓരോരുത്തരെയായി വെട്ടി വീഴ്ത്തുകയായിരുന്നു. വീടിന്റെ മുൻഭാഗത്തെ ഹാളിലാണ് എല്ലാവരും വെട്ടേറ്റു വീണത്. കഴുത്തിനും നെഞ്ചിനും മാരകമായ വെട്ടേറ്റ നാലുപേരും തത്ക്ഷണം മരിച്ചു. ഉദയകുമാറിനെ നാട്ടുകാർ പിടികൂടി കെട്ടിയിട്ട ശേഷം പൊലീസിനെ അറിയിക്കുകയായിരുന്നു. കെട്ടിയിട്ടപ്പോഴും പൊലീസ് ജീപ്പിൽ കയറ്റിയപ്പോഴും ഇയാൾ നാട്ടുകാരോട് കയർത്തു.
ജില്ലാ പൊലീസ് ചീഫ് ഡി. ശില്പയുടെ നേതൃത്വത്തിൽ പൊലീസെത്തി നടപടികൾ സ്വീകരിച്ചു. കൊവിഡ് മാനദണ്ഡങ്ങൾ ഉള്ളതിനാൽ മൃതദേഹങ്ങൾ ഇന്ന് മാത്രമേ മാറ്റുകയുള്ളൂ.