പേരാവൂർ: പാലപ്പുഴ പെരുമ്പുന്ന മേഖലയിൽ വീണ്ടും കാട്ടാനയിറങ്ങി കൃഷി നശിപ്പിച്ചു. ഇന്നലെ പുലർച്ചെ പെരുമ്പുന്ന മേഖലയിലിറങ്ങിയ കാട്ടാനകൾ കാരിത്തടത്തിൽ ജോഷിയുടെ തെങ്ങ്, വാഴ എന്നിവയാണ് വ്യാപകമായി നശിപ്പിച്ചത്.
ഇക്കഴിഞ്ഞ ഒരു മാസക്കാലമായി മുഴക്കുന്ന്, കണിച്ചാർ പഞ്ചായത്തുകളിലെ പല ഭാഗങ്ങളിലും കാട്ടാനശല്യം അതിരൂക്ഷമാണ്.
കഴിഞ്ഞ ദിവസം പെരുമ്പുന്നയിലും പാലപ്പുഴയിലും എത്തിയ കാട്ടാനക്കൂട്ടം 13 കർഷകരുടെ വാഴ, തെങ്ങ്, കമുക് എന്നിവ നശിപ്പിച്ചിരുന്നു.
ഒരു മാസത്തിനിടയിൽ ദിവസേനയെന്നോണം കാട്ടാനകളെത്തുന്നുണ്ടെന്ന് പ്രദേശവാസികൾ പറയുന്നു.മുൻപ് ഒന്നും രണ്ടും ആനകളാണ് എത്തിയിരുന്നതെങ്കിൽ ഇപ്പോൾ ആനകൾ കൂട്ടമായാണ് കൃഷിയിടത്തിലെത്തി നാശം വിതയ്ക്കുന്നത്.
തെങ്ങുകൾ കുത്തി വീഴ്ത്തിയും ചവിട്ടിമെതിച്ചും ജനവാസ മേഖലയിൽ വിലസുന്ന കാട്ടാനകൾ കുലച്ചതും കുലയ്ക്കാറായതുമായ വാഴകളാണ് കൂടുതലായും നശിപ്പിച്ചത്. നേരത്തെ രാത്രികാലങ്ങളിൽ കൃഷിയിടത്തിലെത്തുന്ന കാട്ടാനകൾ പുലർച്ചെ കാട്ടിലേക്ക് മടങ്ങുമായിരുന്നു. ഇപ്പോൾ ഇവ മടങ്ങാൻ വൈകുന്നതുകൊണ്ട് രാവിലെ കൃഷിപ്പണികൾക്ക് പോകുന്നവർക്ക് ഭയം മൂലം പുറത്തിറങ്ങാൻ പറ്റാത്ത സാഹചര്യമാണെന്ന് നാട്ടുകാർ പറയുന്നു.
ജനവാസ മേഖലയിൽ കാട്ടാന എത്തുന്നത് തടയാൻ അധികൃതർ ഒരു നടപടിയും സ്വീകരിക്കുന്നില്ലെന്നാണ് കർഷകരുടെ പരാതി.അതേ സമയം ജനവാസ മേഖലയിലേക്ക് കാട്ടാനകളെത്തുന്നത് തടയാൻ രാത്രികാല പരിശോധന ശക്തമാക്കിയിട്ടുണ്ടെന്നാണ് വനംവകുപ്പ് അധികൃതർ പറയുന്നത് പഞ്ചായത്ത് പ്രസിഡന്റ് ബാബു ജോസഫിന്റെ നേതൃത്വത്തിൽ സ്ഥലം സന്ദർശിച്ചു.
ലൈറ്റുകൾ സ്ഥാപിക്കും
ആറളം ഫാമിൽ നിന്നും പുഴ കടന്നെത്തുന്ന കാട്ടാനകൾ തമ്പടിക്കുന്ന മുഴക്കുന്ന് പഞ്ചായത്തിലെ പുഴ പുറമ്പോക്കിലെ കാടുകൾ വെട്ടിത്തെളിച്ച് ലൈറ്റുകൾ സ്ഥാപിക്കാനൊരുങ്ങുകയാണ് പഞ്ചായത്ത്. വനംവകുപ്പിന്റെ സഹകരണത്തോടെയാണ് പ്രവൃത്തി നടത്തുക.