ചെലവ് ഏഴു കോടി രൂപ
തൃക്കരിപ്പൂർ: സ്വയം ചലിപ്പിച്ച് മുന്നോട്ടുപോയിരുന്ന ഫൈബർ ബോട്ട് തകരാറിലായതോടെ യാത്ര നിഷേധിക്കപ്പെട്ട പാടീ കടവിൽ നാട്ടുകാരുടെ സ്വപ്നസാഫല്യമായി പാലം യാഥാർത്ഥ്യമാകുന്നു. ഏഴു കോടി രൂപ നിർമ്മാണ ചെലവ് പ്രതീക്ഷിക്കുന്ന നിർദ്ദിഷ്ട പാലത്തിന്റെ ടെൻഡർ നടപടി പൂർത്തിയായി.
ഏകദേശം ഒന്നര പതിറ്റാണ്ടുകാലത്തോളമായുള്ള ചെറുകാനം, എടാട്ടുമ്മൽ, ഈച്ചേൻ വയൽ, തങ്കയം തുടങ്ങിയ തൃക്കരിപ്പൂർ പഞ്ചായത്തിന്റെ കിഴക്കൻ മേഖലയിലെ ജനങ്ങളുടെ ആവശ്യമായിരുന്നു പാടീ പുഴയ്ക്ക് കുറുകെ ഒരു പാലം വേണമെന്നത്. നൂറു മീറ്ററോളം വീതിയുള്ള പുഴയിൽ ആഴം കുറവായതിനാൽ ഇറങ്ങി നടന്നാണ് ഇരുകരകളിലുമുള്ള ജനങ്ങൾ നേരത്തെ യാത്ര ചെയ്തിരുന്നത്. എന്നാൽ പുഴയിൽ നിന്നുള്ള അനധികൃത മണലെടുപ്പ് അപ്രതീക്ഷിത കയങ്ങൾ സൃഷ്ടിച്ചതോടെ നടന്നുള്ള പുഴ കടക്കൽ അപകടകരമായി.
പിന്നീടാണ് ഇരുകരകളിലും കമ്പക്കയറിൽബന്ധിച്ച് സ്വയം നിയന്ത്രിച്ചു പോകാൻ പറ്റുന്ന ഫൈബർ തോണി ലഭിച്ചത്. ഈ തോണി കേടുവന്നതോടെ ഉപയോഗശൂന്യമായി കരയിൽ കയറ്റിയിട്ടിട്ട് വർഷങ്ങൾ കഴിഞ്ഞ പശ്ചാത്തലത്തിലാണ് നാടിന്റെ കാലങ്ങളായുള്ള ആവശ്യം സർക്കാർ പരിഗണിച്ചത്.
പയ്യന്നൂർ നഗരസഭ തീരദേശ വികസന ഫണ്ട് ഉപയോഗിച്ച് 36.8 ലക്ഷം രൂപ ചെലവിൽ 270 മീറ്റർ പുഴക്കരയിലേക്ക് അനുബന്ധ റോഡ് നിർമിച്ചിട്ടുണ്ട്. അതുപോലെ തൃക്കരിപ്പൂർ ഭാഗത്തും പുഴയോരം വരെ റോഡുള്ളതുകൊണ്ട് അപ്രോച്ച് റോഡിനായി സ്ഥലം കണ്ടെത്തേണ്ട ആവശ്യം വരുന്നില്ല.
കണ്ണൂർ - കാസർകോട്
ജില്ലകളെ ബന്ധിപ്പിക്കും
പയ്യന്നൂർ നഗരസഭയിലെ കാറമേലിൽ നിന്നും തൃക്കരിപ്പൂർ പഞ്ചായത്തിലെ ചെറുകാനം ഭാഗത്തേക്ക് നേരിട്ടു ബന്ധപ്പെടുന്ന വിധത്തിലാണ് പാലം നിർമ്മിക്കുക. തൃക്കരിപ്പൂർ പഞ്ചായത്തിലെ ചെറുകാനം, എടാട്ടുമ്മൽ, കൊയോങ്കര,തങ്കയം, ഈച്ചേൻ വയൽ തുടങ്ങിയ ഭാഗങ്ങളിലെ ജനങ്ങൾക്ക് പയ്യന്നൂർ ഭാഗത്തേക്ക് പോകുന്നതിനും പയ്യന്നൂർ നഗരസഭയിലെ കാറമേൽ, അന്നൂർ തുടങ്ങിയ ഭാഗങ്ങളിലെ ജനങ്ങൾക്ക് തൃക്കരിപ്പൂരിലെത്തുന്നതിനും പാലം സഹായകമാകും.