കണ്ണൂർ: കൊവിഡ് കാലത്ത് ന്യായവിലയ്ക്ക് അവശ്യസാധനങ്ങൾ ലഭ്യമാക്കേണ്ട സപ്ലൈകോ മാവേലി സ്റ്റോറുകളുടെ പ്രവർത്തനത്തിൽ കടുത്ത അനാസ്ഥ. സാധനങ്ങളിൽ പലതും ലഭിക്കാത്തതിന് പുറമെ ജീവനക്കാരുടെ കുറവും സ്ഥാപനങ്ങളെ വല്ലാതെ ബാധിച്ചതായാണ് പറയുന്നത്. ഇതിനിടെ സർക്കാർ നൽകുന്ന സൗജന്യ കിറ്റ് ഒരുക്കേണ്ട ചുമലത കൂടി സപ്ലൈകോ ജീവനക്കാർക്കായതോടെയാണ് മിക്ക സ്റ്റോറുകളുടെയും പ്രവർത്തനം അവതാളത്തിലായതെന്നാണ് ആക്ഷേപം.

വലിയ സാമ്പത്തിക പ്രതിസന്ധി നേരിട്ടു കൊണ്ടിരിക്കുന്ന സമയത്ത് ന്യായവിലയിൽ അവശ്യസാധനങ്ങൾ ലഭ്യമാകുമെന്നതിനാൽ നിരവധിയാളുകളാണ് മാവേലി സ്റ്റോറുകളിൽ എത്തുന്നത്. എന്നാൽ സാധനങ്ങൾ മിക്കതും ലഭിക്കാതെ നിരാശയായിരിക്കും ഫലം. കട ഉച്ചയ്ക്ക് ശേഷം അവധി, ജീവനക്കാരില്ല തുടങ്ങിയ കാരണങ്ങൾ പറഞ്ഞ് ആളുകളെ മടക്കി അയക്കുന്ന സ്ഥിതിയുമുണ്ട്.

നിലവിൽ കിറ്റുകൾ തയ്യാറാക്കുന്ന ജോലിക്കിടയിൽ പല സ്റ്റോറുകളും ഭാഗികമായി അടച്ചിട്ടിരിക്കുന്ന സ്ഥിതിയിലാണ്. ഇപ്പോൾ ഓണകിറ്റ് തയ്യാറാക്കുന്ന തിരക്കിലാണ് ജീവനക്കാർ. പല സ്റ്റോറുകളിൽ നിന്നും ആളുകൾ മടങ്ങി പോകേണ്ട അവസ്ഥയാണ്. ജില്ലയിലെ നൂറിലധികം വരുന്ന മാവേലി സ്‌റ്റോറുകളിലും സപ്ലൈകോ സൂപ്പർമാർക്കറ്റുകളിലുമായി സ്ഥിര ജീവനക്കാരും താൽക്കാലിക ജീവനക്കാരുമായി നാനൂറിലധികം പേർ പ്രവർത്തിക്കുന്നുണ്ട്. ഇവരുടെ നേതൃത്വത്തിലാണ് ജില്ലയിലേക്കാവശ്യമായ സൗജന്യ കിറ്റുകൾ തയ്യാറാക്കുന്നത്.

സന്നദ്ധപ്രവർത്തകരുമില്ല

ഇവരുടെ ജോലി ഭാരം കണക്കിലെടുത്ത് ചില സ്ഥലങ്ങളിൽ സന്നദ്ധപ്രവർത്തകരും കിറ്റ് തയ്യാറാക്കാൻ ആദ്യഘട്ടത്തിൽ എത്തിയിരുന്നു. എന്നാൽ ഇപ്പോൾ അതും ഇല്ല. ജീവനക്കാ‌ർ തന്നെയാണ് എല്ലാ സാധനങ്ങളും പാക്ക് ചെയ്ത് വിതരണത്തിന് തയ്യാറാക്കി വയ്ക്കുന്നതെന്നാണ് പറയുന്നത്.

കിറ്റ് തയ്യാർ, സ്റ്റോർ കാര്യക്ഷമല്ല

കൊവിഡ് വ്യാപനത്തിന്റെ ആദ്യഘട്ടത്തിൽ നൽകിയ അതിജീവനകിറ്റ് തയ്യാറാക്കിയതും സപ്ലൈകോ ജീവനക്കാരു

ടെ നേതൃത്വത്തിലായിരുന്നു. അത് കഴിഞ്ഞ് സ്‌കൂൾ വിദ്യാർത്ഥികൾക്കായുള്ള കിറ്റ് തയ്യാറാക്കി. ഇപ്പോൾ ഓണകിറ്റ്. അരിയും പയറുവർഗങ്ങളും ഉൾപ്പെടെ 11 സാധനങ്ങളാണ് കിറ്റിലുള്ളത്.