കാസർകോട്: കൊവിഡിനെ പിടിച്ചു കെട്ടാൻ പൊലീസ് ഐ.ജി വിജയ് സാഖറെ കാസർകോട് നടത്തി വിജയിച്ച പരീക്ഷണമാണ് ഇപ്പോൾ കേരളമൊട്ടാകെ വ്യാപിപ്പിക്കുന്നത്. കൊവിഡ് പ്രതിരോധത്തിന്റെ ചുക്കാൻ പൊലീസിന്റെ കൈകളിലെത്തിയതും ഈ പരീക്ഷണ വിജയത്തിലൂടെയാണ്. ഇത് സംസ്ഥാനമൊട്ടാകെ നടപ്പാക്കുന്നതിന്റെ നോഡൽ ഓഫീസറും സാഖറെ തന്നെ. മൊബൈൽ ആപ്പും ട്രിപ്പിൾ ലോക്ക് ഡൗണുമൊക്കെ ഏർപ്പെടുത്തിയത് മാത്രമല്ല, അത് ശക്തമായ രീതിയിൽ മുന്നോട്ടുകൊണ്ടുപോയതിന്റെ വിജയമാണ് കാസർകോട്ട് കണ്ടത്. അത്തരം കർക്കശമായ നിലപാടുകളാവും സംസ്ഥാനത്ത് കണ്ടെയ്ൻമെന്റ് സോണുകളിലടക്കം ഇനി പൊലീസിന്റെ ഭാഗത്തുനിന്ന് ഉണ്ടാവുക.
കാസർകോട്ട് കൊവിഡ് പ്രതിരോധത്തിൽ സാഖറെ കാട്ടിയ കാർക്കശ്യം ജനങ്ങൾക്കിടയിൽ ആദ്യം കയ്പ്പുണ്ടാക്കിയെങ്കിലും പിന്നീടത് നെല്ലിക്ക പോലെ മധുരിക്കുന്നതായി. ആ മാതൃകയാണ് ഇനി കൊവിഡ് പ്രതിരോധത്തിൽ കേരളം കാണാൻ പോകുന്നതും. കണ്ടെയ്ൻമെന്റ് സോണുകളിൽ ലോക്ക് ഡൗൺ കർശനമാക്കുമെന്നും ആരോഗ്യവകുപ്പുമായി സഹകരിച്ചാവും പ്രവർത്തനങ്ങളെന്നും കഴിഞ്ഞ ദിവസം സാഖറെ പറഞ്ഞിരുന്നു.
കാസർകോട് മോഡൽ
ട്രിപ്പിൾ ലോക്ക് ഡൗൺ,
‘അമൃതം’ ഹോം ഡെലിവറി
ടെലി മെഡിസിൻ കൺസൾട്ടേഷൻ
ഡ്രോൺ ഉപയോഗിച്ചുള്ള കർശന പരിശോധന
കൊവിഡ് രോഗികളുടെ വീട് നിരീക്ഷണം
പൊലീസിന്റെ വക ലൊക്കേഷൻ മാപ്പ്
പ്രതിരോധം തീർത്ത മൂന്നുപൂട്ട്
കൊവിഡ് വ്യാപനത്തിന്റെ തുടക്കത്തിൽ കാസർകോട്ട് ആശങ്ക ഏറെയായിരുന്നു. ഏപ്രിൽ 24 ന് സാഖറെ കാസർകോട്ട് എത്തുമ്പോൾ ആദ്യ ആഴ്ച രോഗികളുടെ എണ്ണം 64 ആയിരുന്നു. ആക്ഷൻ പ്ലാൻ നടപ്പിലാക്കിയതോടെ രോഗികളുടെ എണ്ണം വിരലിലെണ്ണാവുന്നതായി കുറഞ്ഞു. കൊവിഡ് ബാധിത പ്രദേശങ്ങളിൽ ട്രിപ്പിൾ ലോക്ക് ഡൗൺ ഏർപ്പെടുത്തി. ഇവിടങ്ങളിൽ നിന്ന് ആരും അത്യാവശ്യകാര്യങ്ങൾക്കു വേണ്ടി അല്ലാതെ പുറത്തിറങ്ങാൻ അനുവദിച്ചില്ല. രോഗികളുടെ എണ്ണമനുസരിച്ച് ഒരു പ്രദേശത്തെ ഓരോ വീടും പ്രത്യേകം പൊലീസിന്റെ നിരീക്ഷണത്തിലാക്കി.
ട്രിപ്പിൾ ലോക്ക് ഡൗൺ ഫലപ്രദമായി നടപ്പാക്കിയതാണ് സമൂഹവ്യാപനത്തിലേക്കു പോകാതെ ജില്ലയെ തടഞ്ഞത്. ജനങ്ങൾക്ക് നിത്യോപയോഗ സാധനങ്ങൾ എത്തിക്കാൻ ഹോം ഡെലിവറി സംവിധാനം ഒരുക്കി. കൊവിഡ് അല്ലാത്ത രോഗമുള്ള ഒട്ടേറെ പേരുണ്ടായിരുന്നു. അവർക്കായി പൊലീസ് നേരിട്ട് മരുന്ന് എത്തിച്ചു. ആദ്യം ജനങ്ങളെ ഉപദേശിച്ചു. പിന്നീട് ശക്തമായി നടപടിയെടുത്തു. അതോടെ ആവശ്യമില്ലാതെ ആരും വീട്ടിൽ നിന്ന് പുറത്തിറങ്ങാതെയായി. പൊലീസ് ഉദ്യോഗസ്ഥർക്ക് സാനിറ്റൈസർ, മാസ്ക്, ഗ്ലൗസ് തുടങ്ങി ആവശ്യമായ സാധനങ്ങളൊക്കെ എത്തിച്ചുനൽകി. അവരുടെ പൂർണ പിന്തുണ ഉറപ്പാക്കി. രോഗസാധ്യതയുള്ളവരെ എല്ലാം ആദ്യമേ വീടുകളിൽ തന്നെ ആക്കിയതിനാൽ പൊലീസിന് സുരക്ഷിതമായി ജോലി ചെയ്യാനുമായി.
രക്ഷകന്റെ വേഷത്തിൽ
1999ൽ എത്തി ഏഴു മാസം വിജയ് സാഖറെ കാസർകോട് എ.എസ്.പിയുടെ ചുമതല വഹിച്ചിരുന്നു.
അതുകൊണ്ടുതന്നെ അദ്ദേഹത്തിന് കാസർകോടിന്റെ മുക്കും മൂലയും നല്ല നിശ്ചയം ഉണ്ടായിരുന്നു. അത് നിയന്ത്രണങ്ങൾ ഏർപ്പെടുത്താൻ സഹായകവുമായി. 21 വർഷങ്ങൾക്കു ശേഷം സാഖറെ വീണ്ടും കാസർകോടെത്തിയത് ജനങ്ങളുടെ രക്ഷകന്റെ വേഷത്തിലായിരുന്നു. കൊവിഡ് പോരാട്ടത്തിൽ ജില്ല കണ്ടത് വിജയ് സാഖറെയിലെ കർക്കശക്കാരനായ പൊലീസുകാരനെ തന്നെ. ക്വാറന്റൈനിൽ കഴിയുന്നവരെ അദ്ദേഹം ആപ്പിൽ കുരുക്കിയിട്ടു. ശക്തമായ പൊലീസ് സംവിധാനം ഉപയോഗപ്പെടുത്തി കൊവിഡ് വ്യാപനം ഇല്ലാതാക്കുന്നതിൽ ഏറെ പങ്കുവഹിച്ചു. കാസർകോടിനെ ഏറെക്കുറെ സുരക്ഷിത മേഖലയിലെത്തിച്ച ശേഷമാണ് സാഖറെ കണ്ണൂരിലേക്കും പിന്നീട് എറണാകുളത്തേക്കും മടങ്ങിയത്.
''
ആദ്യം കയ്ക്കും പിന്നെ മധുരിക്കും
കൊവിഡ് പ്രതിരോധത്തിന്റെ ഭാഗമായി പൊലീസ് നടത്തുന്ന കർക്കശമായ ഇടപെടലുകൾ നെല്ലിക്ക പോലെയാണെന്ന് കഴിഞ്ഞ ദിവസം മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞിരുന്നു. ആദ്യം കയ്ക്കും പിന്നെ മധുരിക്കും എന്നതാണ് അവസ്ഥ. മുഖ്യമന്ത്രിയുടെ വാക്കുകൾ: ''തുടക്കത്തിൽ വലിയ ഭയപ്പാടുണ്ടാക്കിയതാണല്ലോ കാസർകോട്ടെ രോഗവ്യാപനം. അവിടെ കർക്കശമായ തോതിൽ പൊലീസ് ഇടപെടുന്ന നിലയുണ്ടായി. ആദ്യം എതിർപ്പുകളൊക്കെ ഉണ്ടായിട്ടുണ്ട്. ഒരുപാട് പ്രയാസങ്ങളൊക്കെ ആളുകൾക്കുണ്ടായി. പക്ഷേ, അതിന്റെ ഭാഗമായി രോഗവ്യാപനം തടയുന്ന സ്ഥിതിയായപ്പോൾ അതിന്റെ സ്വാദ് അവർ തന്നെ അനുഭവിക്കുന്ന നിലയാണുണ്ടായത്''.