കണ്ണൂർ: കൊവിഡ് രോഗിയുടെ മൃതദേഹം മതിയായ സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കാതെ സംസ്‌കരിച്ചതിനെ തുടർന്ന് അടച്ചിട്ട പയ്യാമ്പലം ശ്മശാനം തുറന്നു. ഫയർഫോഴ്‌സ് വന്ന് അണുവിമുക്തമാക്കിയതിന് ശേഷമാണ് ശ്മശാനത്ത് സംസ്‌കാരം നടത്താനുള്ള അനുവാദം കോർപ്പറേഷൻ നൽകിയത്.
ഞായറാഴ്ചയായിരുന്നു കൊവിഡ് ബാധിച്ച് മരണപ്പെട്ടയാളുടെ മൃതദേഹം പയ്യാമ്പലത്ത് സംസ്‌കരിച്ചത്. മൃതദേഹം പൂർണ്ണമായും കത്തിതീരുന്നതിന് മുമ്പ് സംസ്‌കരിക്കാനെത്തിയവർ സ്ഥലം വിടുകയും ചെയ്തുവെന്നാണ് ആക്ഷേപം. ഇതേതുടർന്ന് ഇവിടുത്തെ ജീവനക്കാർ സംസ്‌കാര ജോലിയിൽ പങ്കെടുക്കില്ലെന്ന് പറഞ്ഞ് മാറി നിൽക്കുകയും ചെയ്തിരുന്നു. ഇതറിയാതെ മൃതദേഹവുമായി പയ്യാമ്പലത്ത് ആളുകൾ എത്തുകയും ജീവനക്കാർ ഇല്ലാത്തതിനാൽ സ്വന്തം നിലയിൽ സംസ്‌കരിക്കുകയും ചെയ്തു.
സംഭവമറിഞ്ഞ നാട്ടുകാർ ശ്മശാനത്തിലേക്ക് പ്രവേശിക്കുന്ന ഗേറ്റ് സംസ്‌കാരത്തിനായി മൃതദേഹങ്ങൾ കൊണ്ടുവന്ന് ഉപേക്ഷിച്ചുപോയ ഇരുമ്പു പെട്ടികൾ നിരത്തിവെച്ച് തടസ്സപ്പെടുത്തി. അണുനശീകരണം നടത്താതെ സംസ്‌കാരം നടത്തരുതെന്ന നാട്ടുകാരുടെ ആവശ്യത്തെ തുടർന്നായിരുന്നു ശ്മശാനത്ത് സംസ്‌കാര ചടങ്ങുകൾ താൽക്കാലികമായി നിർത്തി വെച്ചത്. നാട്ടുകാരുടെ പ്രതിഷേധത്തെ തുടർന്ന് ഇന്നലെ അണുനശീകരണം നടത്തി സംസ്‌കാര ചടങ്ങുകൾ പുനരാരംഭിച്ചു.