കണ്ണൂർ: കോർപ്പറേഷൻ ഭരണാധികാരികളുടെ ജനദ്രോഹ നിലപാടിനെതിരെ ശക്തമായ പ്രതിഷേധം ഉയർത്തിക്കൊണ്ടുവരുമെന്ന് സി.പി.എം. പയ്യാമ്പലം ശ്മശാനം, ഗ്രന്ഥശാലകൾക്കുളള പത്രം തുടങ്ങിയ വിഷയങ്ങളിൽ എടുത്ത നിലപാടുകൾ ജനദ്രോഹ നിലപാടിന്റെ ഒടുവിലത്തെ ഉദാഹരണങ്ങളാണ്. പയ്യാമ്പലം ശ്മശാനം ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നിന്നും ശവസംസ്‌ക്കാരത്തിനായി എത്തുന്ന സ്ഥലമാണ്. അത് കോർപ്പറേഷൻ പരിധിയിലുളളവർക്ക് മാത്രമായി പരിമിതപ്പെടുത്താനാണ് ആദ്യം ശ്രമിച്ചത്. കൊവിഡ് ബാധിച്ച ഒരാളുടെ മൃതദേഹം സംസ്‌ക്കരിച്ചതുമായി ബന്ധപ്പെട്ട് വിവാദങ്ങൾ ഉയർത്തി ശ്മശാനം അടച്ചിടാനാണ് ഇപ്പോൾ ശ്രമിക്കുന്നത്. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള ശ്മശാനങ്ങളിൽ പ്രോട്ടോക്കോൾ പാലിച്ച് കൊണ്ട് കൊവിഡ് രോഗികളുടെ മൃതദേഹം സംസ്‌ക്കരിക്കുന്നുണ്ട്. കണ്ണൂരിൽ അത് തടയാൻ ഡെപ്യൂട്ടി മേയറുടെ നേതൃത്വത്തിൽ ശ്രമിച്ചു. അത് വിജയിക്കാത്തതിനെ തുടർന്നാണ് ഇപ്പോൾ വിവാദം ഉയർത്തുന്നത്. പ്രോട്ടോക്കോൾ പാലിച്ചും കൃത്യമായി ദഹിച്ചു എന്ന് ഉറപ്പ് വരുത്തിയുമാണ് ആരോഗ്യപ്രവർത്തകരും വളണ്ടിയർമാരും പിരിഞ്ഞ് പോയത്. അവശിഷ്ടങ്ങൾ ഉണ്ടായി എന്നത് പച്ചക്കള്ളമാണെന്നും പയ്യാമ്പലം ശ്മശാനം നടത്തിപ്പുമായി ബന്ധപ്പെട്ട വീഴ്ചകളും ഉയർന്നു വരുന്ന ആക്ഷേപങ്ങളും മറച്ച് പിടിക്കാനാണ് വിവാദം ഉണ്ടാക്കുന്നതെന്നും പാർട്ടി ജില്ലാ കമ്മിറ്റി അറിയിച്ചു. ഗ്രന്ഥശാലകൾക്ക് ദിനപത്രം കൊടുക്കുന്നത് നിഷേധിച്ചത് ഒരു വിധത്തിലും അംഗീകരിക്കാനാവില്ലെന്നും ജില്ലാ കമ്മിറ്റി വ്യക്തമാക്കി.