ചെറുവത്തൂർ: ദേശീയപാതയിൽ മറിഞ്ഞ ഉള്ളിയുമായി പോവുകയായിരുന്ന പിക്ക് അപ് ലോറിയിൽ നിന്ന് നിരോധിത പുകയില ഉത്പ്പന്നങ്ങൾ പിടിച്ചെടുത്തു. ഉള്ളിച്ചാക്കുകൾക്കിടയിൽ ഒളിപ്പിച്ച നിലയിലാണ് നിരോധിത പുകയില ഉൽപ്പന്നം കണ്ടെത്തിയത്. ഇരുപതോളം ചാക്കുകളിലായാണ് നിരോധിത ഉത്പ്പന്നങ്ങൾ ഉണ്ടായിരുന്നത്. ഇന്നലെ വൈകീട്ട് ആറുമണിയോടെയാണ് കയ്യൂർ ജംഗ്ഷനടുത്താണ് അപകടം നടന്നത്.

മറിഞ്ഞ പിക് അപ് വാനിൽ നിന്ന് ഉള്ളി ചാക്കുകൾ റോഡിൽ വിതറിയ നിലയിലായി. രക്ഷാപ്രവർത്തനത്തിലേർപ്പെട്ട സമീപവാസികളാണ് ഉള്ളി ചാക്കുകൾക്കിടയിൽ മറ്റു ചാക്കുകളും തിരുകി കയറ്റിയത് കണ്ടെത്തിയത്. വിവരമറിയിച്ചതിനെ തുടർന്നെത്തിയ പൊലീസ് മിനി ലോറി കസ്റ്റഡിയിലെടുത്തു. അപകടം നടന്നതോടെ ഡ്രൈവറും ക്ലീനറും ഓടി രക്ഷപ്പെട്ടു. ചന്തേര പൊലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചു.