തലശ്ശേരി: ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി ജനറൽ സെക്രട്ടറി പി.വി രാധാകൃഷ്ണന്റെ കാർ തകർത്തു. കെ.എൽ. 58 എൻ 3356 നമ്പർ വാഗ്ണർ കാറാണ് കഴിഞ്ഞ ദിവസം രാത്രി 11.40 ഓടെ തകർത്തത്. ഉക്കണ്ടൻപീടികക്ക് സമീപം വീടിനു എതിർ വശത്തെ കടവരാന്തയിൽ നിർത്തിയിട്ടതായിരുന്നു കാർ. ഇഷ്ടിക ഉപയോഗിച്ച് കാറിന്റെ മുഴുവൻ ചില്ലുകളും തകർത്തു.

ചെത്തുകല്ലുകൊണ്ട് കാറിന്റെ ബോണറ്റും തകർക്കുകയായിരുന്നു. ഒരു ലക്ഷം രൂപയുടെ നാശനഷ്ടം കണക്കാക്കുന്നു. തലശ്ശേരി പൊലീസിൽ പരാതി നൽകി. ഡി.സി.സി പ്രസിഡന്റ് സതീശൻ പാച്ചേനി സ്ഥലം സന്ദർശിച്ചു. വി. രാധാകൃഷ്ണൻ, വി.എൻ ജയരാജ്, എം.പി അരവിന്ദാക്ഷൻ, അഡ്വ. സി.ടി സജിത്ത്, വി.സി പ്രസാദ്, മണ്ഡലം പ്രസിഡന്റ് ഇ. വിജയകൃഷ്ണൻ എന്നിവരും ഒപ്പമുണ്ടായിരുന്നു. സാമൂഹിക വിരുദ്ധർ നടത്തിയ അക്രമത്തെ നേതാക്കൾ അപലപിച്ചു.