പഴയങ്ങാടി: ആഞ്ഞുവീശിയ കാറ്റിലും കനത്ത മഴയിലും വ്യാപകമായ നാശനഷ്ടം. മാടായി വടുകുന്ദ ശിവക്ഷേത്രത്തിലെ ശ്രീകോവിന് മുന്നിലെ നടപ്പന്തൽ തകർന്നു വീണു. ചുറ്റമ്പലത്തിലെ നടപന്തലും കാറ്റിൽ ക്ഷേത്രാങ്കണത്തിന് പുറത്ത് എത്തി. ഏകദേശം രണ്ട് ലക്ഷം രൂപയുടെ നാശനഷ്ടം കണക്കാക്കുന്നതായി ക്ഷേത്രം അധികൃതർ വ്യക്തമാക്കി. വെങ്ങര വേട്ടക്കൊരുമകൻ ക്ഷേത്രത്തിന്റെ മേൽക്കൂരയുടെ ഓടുകളും, വെങ്ങര മുച്ചിലോട്ട് ഭഗവതി ക്ഷേത്രത്തിന്റെ ശ്രീകോവിലിന്റെ ഓടുകളും കാറ്റിൽ നശിക്കപ്പെട്ടു.
വെങ്ങര ഇടത്തിൽ വയൽ നാഗസ്ഥാനം റോഡിലെ മൂന്ന് വൈദ്യുതി തൂണുകൾ കടപുഴകി വീണ് വൈദ്യുതി ബന്ധം താറുമാറായി. വൈദ്യുതി ബന്ധം വിച്ഛേദിക്കപെട്ടതിനാൽ വൻ ദുരന്തമാണ് ഒഴിവായത്. കെ.എസ്.ഇ.ബി അധികൃതർ എത്തി വൈദ്യുതി ബന്ധം പുനസ്ഥാപിച്ചു. വെങ്ങര വേട്ടക്കൊരുമകൻ ക്ഷേത്രത്തിന് സമീപത്തുള്ള കെ.വി.ബാബുവിന്റെ വീടിന് മുകളിൽ തെങ്ങ് കടപുഴകി വിണ് വീടിന്റെ ഒരു ഭാഗവും വാട്ടർ ടാങ്കും തകർന്നു. വെങ്ങര മുക്കിന് സമീപത്തുള്ള ദേർമാൽ ദാമോദരന്റെ പറമ്പിൽ തെങ്ങ് പൊട്ടി വീണ് മതിലിന് കേട് പാടുകൾ സംഭവിച്ചു. ഏഴോം കുറുവാടിലെ കൊഴുമൽ ഭാസ്ക്കരന്റെ വീടിന് മുകളിൽ തെങ്ങ് കടപുഴകി വിണു. അടുത്തില തട്ടും പുറത്തേടി.പി. കുഞ്ഞിക്കണ്ണന്റെ വീടിന് സമിപമുള്ള തെങ്ങ് കടപുഴകി വിണ് വീടിന് കേടുപാടുകൾ പറ്റി. മാട്ടൂൽ സൗത്ത് തങ്ങളെ പള്ളിക്ക് സമീപമുള്ള ബദരിയ കെട്ടിടത്തിന്റെ മേൽക്കൂര ശക്തമായ കാറ്റിൽ നിലംപൊത്തി.
മാട്ടൂൽ, പുതിയങ്ങാടി തീരദേശ മേഖലകളിൽ കടൽവെള്ളം വീടുകൾക്ക് അടുത്ത് വരെ എത്തിയ നിലയിലാണ്.