police

കണ്ണൂർ: കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ പ്രധാന ചുമതലകൾ ആരോഗ്യ വകുപ്പിൽ നിന്നും പൊലീസ് ഏറ്റെടുത്തതോടെ നിയന്ത്രണങ്ങൾ കൂടുതൽ ശക്തമാക്കി പൊലീസ് . ഇതിന്റെ ഭാഗമായി കൊവിഡ് മാനദണ്ഡങ്ങൾ പാലിക്കാതെ പ്രവർത്തിക്കുന്ന സ്ഥാപനങ്ങൾക്കെതിരെ നടപടി ശക്തമാക്കി.

കഴിഞ്ഞ ദിവസങ്ങളിൽ നഗരത്തിലെ പത്തോളം കടകൾക്കെതിരെ കേസെടുക്കുകയും പിഴയടക്കാൻ നിർദേശം നൽകുകയും ചെയ്തു. കൊവിഡ് മാർഗ നിർദേശങ്ങൾ ലംഘിച്ച് ആളുകൾ കൂട്ടം കൂടി ഇടപാടുകൾ നടത്തിയതിന് നഗരത്തിലെ പ്രധാന ബാങ്ക് ശാഖയ്‌ക്കെതിരെയും കേസെടുത്തു. വരയിൽ നിർത്താതെയും ടോക്കൺ നൽകാതെയും സാമൂഹിക അകലം പാലിക്കാതെയും സ്ഥാപനങ്ങളിൽ എത്തിയ ആളുകളെ നിയന്ത്രിക്കാത്തതിനാണ് മറ്റ് സ്ഥാപനങ്ങൾക്കെതിരെ കേസെടുത്തത്.

ആളുകൾ കൂട്ടംകൂടി നിന്നത് ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് അക്ഷയ കേന്ദ്രങ്ങളിൽ ടോക്കൺ നിർബന്ധമാക്കി. സ്രവ പരിശോധനയ്ക്ക് വിസമ്മതിച്ച ഒരു യുവതിക്കെതിരെ പൊലീസ് കേസെടുത്തു. ഭർത്താവിന് കൊവിഡ് സ്ഥിരീകരിച്ചതിനാൽ പരിശോധന നടത്താൻ ആരോഗ്യ വകുപ്പ് അഭ്യർത്ഥന നടത്തിയെങ്കിലും യുവതി സമ്മതിച്ചിരുന്നില്ല. ഇതേതുടർന്ന് ലഭിച്ച പരാതിയിലാണ് പൊലീസ് കേസെടുത്തത്. ക്വാറന്റൈൻ ലംഘിച്ച യുവാവിനെതിരെയും കേസെടുത്തു.