കാസർകോട്: ബേക്കൽ തീരദേശമേഖലയിൽ രണ്ടുതവണകളായി നടത്തിയ പരിശോധനയിൽ കൊവിഡ് സ്ഥിരീകരിച്ചത് 44 പേർക്ക്. ചൊവ്വാഴ്ച നടത്തിയ പരിശോധനയിൽ 17 പേർക്ക് കൂടി പോസിറ്റീവായി. പരിശോധനക്കെത്തിയവരിൽ ഭൂരിഭാഗവും പുരുഷന്മാരായിരുന്നു. ഇവരുമായി നിരവധി പേർ സമ്പർക്കത്തിലേർപ്പെട്ടിട്ടുണ്ടെന്ന് കണ്ടെത്തിയ ആരോഗ്യവകുപ്പ് ശ്രമകരമായ ദൗത്യം തന്നെ ആവശ്യമുണ്ടെന്ന നിഗമനത്തിലാണിപ്പോൾ.
മത്സ്യത്തൊഴിലാളികുടുംബങ്ങൾ തിങ്ങിപ്പാർക്കുന്ന തീരദേശമാണ് ബേക്കൽ, കോട്ടിക്കുളം എന്നിവ.
ഉദുമ പഞ്ചായത്തിൽ 86 കൊവിഡ് ബാധിതരാണ് നിലവിലുള്ളത്. സാമൂഹ്യവ്യാപന ആശങ്കയും ഇവിടെ നിലനിൽക്കുന്നുണ്ട്.
പാതയോരങ്ങളിൽ മത്സ്യവിൽപ്പന നടത്തിയവർക്കടക്കം ഇവിടെ കൊവിഡ് പോസിറ്റീവായിട്ടുണ്ട്. ഈ സാഹചര്യത്തിൽ പ്രദേശത്ത് കൂടുതൽ പരിശോധനാക്യാമ്പുകൾ വേണമെന്ന അഭിപ്രായം ഉയർന്നിട്ടുണ്ട്.
ബേക്കൽ ഇൻസ്‌പെക്ടർ പി. നാരായണൻ, എസ്.ഐ. പി. അജിത് കുമാർ എന്നിവരുടെ നേതൃത്വത്തിൽ പൊലീസ് കനത്ത ജാഗ്രതയിലാണിവിടെ. കണ്ടെയ്ൻമെന്റ് സോണുകൾ അടച്ചിട്ടുകൊണ്ടാണ് പൊലീസ് നിരീക്ഷണം. ഉദുമ പഞ്ചായത്തിൽ സമ്പൂർണ ലോക്ക് ഡൗൺ ഏർപ്പെടുത്താനുള്ള ആലോചനകളും പുരോഗമിക്കുന്നുണ്ട്.
ഭക്ഷ്യവസ്തുക്കൾ വിതരണം ചെയ്യണം
അഡ്വ. കെ. ശ്രീകാന്ത്
കൊവിഡ് വ്യാപനം മൂലം ഒറ്റപ്പെട്ടുപോയ മത്സ്യബന്ധന ഗ്രാമങ്ങളിൽ താമസിക്കുന്ന ജനങ്ങൾക്ക് അടിയന്തരമായി ഭക്ഷവസ്തുക്കൾ വിതരണം ചെയ്യണമെന്ന് ബി.ജെ.പി ജില്ലാ പ്രസിഡന്റ് അഡ്വ. കെ. ശ്രീകാന്ത് ആവശ്യപ്പെട്ടു. നിലവിലെ സാഹചര്യത്തിൽ തൊഴിലാളികളുടെ വരുമാനം പൂർണ്ണമായും നിലച്ചസ്ഥിതിയാണ്. സർക്കാർ അടിയന്തര ഇടപെടൽ നടത്തി സാമ്പത്തിക പാക്കേജ് പ്രഖ്യാപിക്കണമെന്നും അഡ്വ. കെ. ശ്രീകാന്ത് ആവശ്യപ്പെട്ടു.