കൂത്തുപറമ്പ്: ആഞ്ഞുവീശിയ ചുഴലിക്കാറ്റ് അപഹരിച്ചത് നിരവധി കർഷകരുടെ സ്വപ്നങ്ങൾ. ആയിരക്കണക്കിന് നേന്ത്രവാഴകൾ ഉൾപ്പെടെയുള്ള കാർഷിക വിളകളാണ് അപഹരിച്ചത്. മാങ്ങാട്ടിടം, ആമ്പിലാട്, നരവൂർ, കണ്ടംകുന്ന്, കുണ്ടേരിപ്പൊയിൽ ഭാഗങ്ങളിലാണ് വ്യാപകമായ കൃഷി നാശം. കുലച്ച നേത്ര വാഴകളും, വിളവെടുക്കാറായ മരച്ചീനിയും ഉൾപ്പെടെയാണ് നശിച്ചത്.

ആമ്പിലാട് ചോന്നത്ത് വയലിലെ എം.ജയരാജന്റെ 300 ഓളം നേന്ത്രവാഴകൾ കാറ്റിൽ നിലംപൊത്തി. സമീപത്തെ സി.എം.ശ്രീജയുടെ ഇരുപത്തഞ്ചോളം കുലച്ചതുൾപ്പെടെയുള്ള നേത്രവാഴകളും കാറ്റിൽ നശിച്ചു. ആമ്പിലാട് എൽ.പി സ്കൂളിന് സമീപത്തെ പാട്ടക്കരാജു, കുണ്ടാഞ്ചേരി ജാനു, ചിറാൽ വത്സൻ എന്നിവരുടെ വാഴ കൃഷിയും നശിച്ചു. മാണിയത്ത് വാസുവിന്റെ വീട്ടുപറമ്പിലെ തെങ്ങ്, കവുങ്ങ് എന്നിവയും നശിച്ചിട്ടുണ്ട്. പാലാഴിയിലെ ഷിനോജ്, മൂര്യാട് കുറ്റിക്കാട്ടെ വിനീഷ്, അണ്ണേരി ശശി എന്നിവരുടെ വാഴ ഉൾപ്പെടെയുള്ള വിളകളും കാറ്റ് അപഹരിച്ചു. തെങ്ങ്, കവുങ്ങ്, എന്നിവയും കടപുഴകി വീണിട്ടുണ്ട്.