പയ്യന്നൂർ: ജില്ലയിലെ മികച്ച ബാലവേദി പ്രവർത്തനത്തിലുള്ള 2019-20 വർഷത്തെ പി.വി.കെ കടമ്പേരി പുരസ്കാരം അന്നൂർ വേമ്പു സ്മാരക ഗ്രന്ഥാലയത്തിന് ലഭിച്ചു. ബാലവേദിയിലൂടെ കുട്ടികൾക്കായി മികച്ചതും വൈവിധ്യപൂർണ്ണമായ പ്രവർത്തനങ്ങൾ കാഴ്ചവെക്കുന്ന ഗ്രന്ഥാലയങ്ങളെ അനുമോദിക്കുന്നതിനും പ്രോത്സാഹിപ്പിക്കുന്നതിനുമായി ജില്ലാ ലൈബ്രറി കൗൺസിൽ, ആർ.സി.ഗ്രന്ഥാലയം, പി.വി.കെ.കടമ്പേരി ഫൗണ്ടേഷൻ എന്നിവരാണ് പുരസ്കാരം ഏർപ്പെടുത്തിയത്.

ജില്ലയിലെ മികച്ച ഗ്രന്ഥാലയത്തിനുള്ള കെ.സി.മാധവൻ മാസ്റ്റർ പുരസ്കാരം, താലൂക്കിലെ മികച്ച പ്രവർത്തനത്തിന് പി.വി.രാമചന്ദ്രൻ മാസ്റ്റർ പുരസ്കാരം, നഗരസഭയിലെ മികച്ച പ്രവർത്തനത്തിന് അക്ഷര ജ്വാല പുരസ്കാരം തുടങ്ങിയ അംഗീകാരങ്ങളും ദേശാഭിമാനി അറിവരങ്ങ് മത്സരത്തിലും, ലൈബ്രറി കൗൺസിൽ സർഗ്ഗോത്സവം മത്സരത്തിൽ സംസ്ഥാന തലത്തിൽ ഒന്നാം സ്ഥാനവും ഇതേ കാലയളവിൽ ലഭിച്ചിട്ടുണ്ട്.

തുടക്കം മുതൽ നിരവധി വേറിട്ട പ്രവർത്തനങ്ങളിലൂടെ ശ്രദ്ധേയമായ വേമ്പു സ്മാരക ഗ്രന്ഥാലയം, കൊവിഡ് രോഗം കാരണം ലോക് ഡൗൺ പ്രഖ്യാപിച്ചപ്പോഴും കുട്ടികളെ ഏകോപിപ്പിച്ചു അവരവരുടെ വീടുകളിൽ നിന്നും ഓൺലൈനിലൂടെ നിരവധി സർഗ്ഗാത്മക പ്രവർത്തനങ്ങൾ നടത്തി ഒന്ന് ചേർക്കുകയായിരുന്നു. നിലവിൽ 255 ഓളം

കുട്ടികളുള്ള ബാലവേദിക്കും, പ്രവർത്തനങ്ങൾക്കും നേതൃത്വം നൽകുന്നത് എ.കെ. ദിലീപ്‌ കൺവീനറായും പ്രന്യ പ്രസന്നൻ പ്രസിഡന്റായും എൻ.കെ. ആദിഷ് സെക്രട്ടറിയായുമുള്ള 25 അംഗ കമ്മറ്റിയാണ്. കെ.കെ. ഗംഗാധരൻ പ്രസിഡന്റും, എ.കെ.ബിനേഷ് സെക്രട്ടറിയുമായുള്ള കമ്മിറ്റിയാണ് ഗ്രന്ഥാലയത്തിന്റെ പ്രവർത്തനങ്ങൾ നടത്തുന്നത്.